Photo: Print
തിരൂര്‍ : കേരളത്തിന്റെ ആറു സന്തോഷ് ട്രോഫി വിജയങ്ങളില്‍ രണ്ടെണ്ണത്തില്‍ തൃശ്ശൂര്‍ ഒല്ലൂര്‍ മങ്ങാട്ട് പീതാംബരന്റെ കൈയൊപ്പുണ്ട്. 2001-ല്‍ മുംബൈയിലും 2004-ല്‍ ഡല്‍ഹിയിലും കേരളം കിരീടം നേടിയത് ഈ മുന്‍ പട്ടാളക്കാരന്റെ പട്ടാളച്ചിട്ടയിലുള്ള പരിശീലനത്തിനു കീഴിലാണ്. ഇതിനിടെ 2002-ല്‍ മണിപ്പൂരില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഫൈനലിലും 2005-ല്‍ കൊച്ചിയില്‍ സെമിയിലും പീതാംബരന്റെ കേരളം ഇടംനേടി.
11 വര്‍ഷമായി സാറ്റ് തിരൂര്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന പീതാംബരന്, മലപ്പുറം സന്തോഷ് ട്രോഫിയില്‍ കേരളം വിജയകിരീടം ചൂടുമെന്ന ശുഭപ്രതീക്ഷയിലാണ്. ഫുട്ബോളിനോട് മലപ്പുറത്തിനുള്ള സ്നേഹം ആവോളം അടുത്തറിഞ്ഞിട്ടുണ്ടദ്ദേഹം.
''മലപ്പുറത്തുകാരുടെ രക്തത്തില്‍ ഫുട്ബോള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. നമ്മള് ഫുട്ബോളിനെ ആദരിക്കുന്നു. ആരു നന്നായി കളിക്കുന്നോ അവരെ സ്നേഹിക്കുന്നു. എന്നാല്‍ മറ്റു സംസ്ഥാനക്കാര്‍ അവരുടെ ടീമിനെ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. കേരളത്തില്‍ ചെറുപ്പംമുതല്‍ ഫുട്ബോള്‍ കോച്ചിങ് ലഭിക്കുന്നുണ്ട്. നല്ല പരിശീലനം നല്കുന്ന ധാരാളം അക്കാദമികളും ക്ലബ്ബുകളുമുണ്ട്. അതിനാല്‍ കേരളത്തിന് ഫുട്ബോളില്‍ ഇനിയും മുന്നേറാനാകും'' -അദ്ദേഹം പറഞ്ഞു.
1967-ല്‍ ലഖ്നൗവില്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ ചേര്‍ന്ന അദ്ദേഹം 1987-ല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചായി കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അതുവഴി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെയും പരിശീലിപ്പിച്ചു. കേരളത്തിന്റെ മികച്ച താരങ്ങളായ കളിക്കാരായ ആസിഫ് സഹീര്‍, ഹക്കീം, ഷെഫീഖ്, ഫിറോസ്, വി.ബി. സന്തോഷ്, ലയണല്‍ തോമസ്, നെല്‍സണ്‍, അജയന്, കെ. ബിനീഷ്, കെ. സുനില്‍, എം.കെ. സുനില്‍, കെ.പി. രാഹുല്‍, ഫസലുറഹ്മാന് എന്നിവരെയെല്ലാം പരിശീലിപ്പിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Content Highlights: Santosh Trophy former kerala coach Peetambaran shares his hopes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..