ബെംഗളൂരു: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ബെംഗളൂരുവില്‍ നടന്ന സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ ഏഴു ഗോളിനാണ് കേരളം തകര്‍ത്തത്. മത്സരത്തില്‍ രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോള്‍ നേടി. സജിത് പൗലോസ്, വിബിന്‍ തോമസ് എന്നിവര്‍ ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം കൂട്ടി. 

ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്. രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ അസിസ്റ്റില്‍ രാഹുല്‍ കെ.പിയുടെ ബൂട്ടില്‍ നിന്നായിരുന്നു. ബാക്ക്പാസ്സ് നല്‍കുന്നതിനിടയില്‍ സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളത്തിന്റെ ലീഡ് മൂന്നായി.

അടുത്ത നാലു ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ജിതിന്‍ എം.എസിന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് ടോപ്പ് കോര്‍ണറിലേക്ക് രാഹുല്‍ കെ.പി ഷോട്ട് അടിക്കുകയായിരുന്നു. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടി വലയിലെത്തി. അഞ്ചാം ഗോള്‍ വന്നത് വിബിന്‍ തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. 

മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. ഇതോടെ കേരളത്തിന്റോ ഗോള്‍പട്ടിക പൂര്‍ത്തിയായി. തിങ്കളാഴ്ച്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 

Content Highlights: Santosh Trophy Football Kerala Win vs Andhra Pradesh