കട്ടക്കിലെ കണ്ണീര്‍ തുടച്ച് സാള്‍ട്ട് ലേക്കിലെ തൂവാല


സജ്‌ന ആലുങ്ങല്‍

എ.എം ശ്രീധരന്റെ ശിക്ഷണത്തില്‍ ഷറഫലിയുടെ നേതൃത്വത്തില്‍ ജോപോള്‍ അഞ്ചേരിയടക്കമുള്ള ടീം അന്ന് 5-3ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു

ന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പശ്ചിമ ബംഗാളിനോളം കരുത്തരായ വേറൊരു ടീമില്ല. 1941ല്‍ പ്രഥമ സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ബംഗാള്‍ പിന്നീട് 31 തവണയാണ് കിരീടം സ്വന്തം ഷെല്‍ഫിലെത്തിച്ചത്. അങ്ങനെയൊരു പാരമ്പര്യം പറയാനുള്ള ടീമിനെ കേരളത്തിന്റെ യുവനിര കൊല്‍ക്കത്തയില്‍ പോയി പരാജയപ്പെടുത്തിയെന്നതൊരു ചെറിയ കാര്യമല്ല. കൊല്‍ക്കത്ത ഒരു സന്തോഷ് ട്രോഫിക്ക് വേദിയായിട്ടുണ്ടെങ്കില്‍ അതിലെല്ലാം കിരീടം ആതിഥേയര്‍ക്കു തന്നെയായിരുന്നു. എന്നാല്‍ ആ ചരിത്രം സതീവന്‍ ബാലന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം തിരുത്തിക്കുറിച്ചു.

1994ല്‍ കട്ടക്കിലും 1989ല്‍ ഗുവാഹത്തിയിലും കിരീടപ്പോരാട്ടത്തില്‍ പശ്ചിമ ബംഗാളിനോട് തോറ്റതിന്റെ വേദന സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തില്‍ കേരളം മായ്ച്ചുകളഞ്ഞു. അതില്‍ ഏറ്റവും വേദനാജനകം കട്ടക്കിലെ മത്സരമായിരുന്നു. എ.എം ശ്രീധരന്റെ ശിക്ഷണത്തില്‍ ഷറഫലിയുടെ നേതൃത്വത്തില്‍ ജോപോള്‍ അഞ്ചേരിയടക്കമുള്ള ടീം അന്ന് 5-3ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. അന്നും സ്‌കോര്‍ 2-2 ആയതോടയൊണ് കളി പെനാല്‍റ്റിയിലേക്ക് നീങ്ങിയത്. പക്ഷേ അന്ന് കൊല്‍ക്കത്തയുടെ ആരാധകര്‍ കേരളത്തിന്റെ നെഞ്ചില്‍ നൃത്തം ചവിട്ടി. പക്ഷേ അതിലും നാടകീയതയായിരുന്നു 24 വര്‍ഷങ്ങള്‍ക്കിപ്പുറം ബംഗാളുകാര്‍ക്ക് കേരളം കാത്തുവെച്ചത്. വിജയിക്കാനായി കൈയിലുള്ള തന്ത്രങ്ങളെല്ലാം ബംഗാള്‍ പയറ്റി നോക്കിയെങ്കിലും കേരളത്തിന്റെ കിരീടദാഹം അതിനെയെല്ലാം മറികടന്നു. കപ്പിനും ചുണ്ടിനുമിടയില്‍ കൈവിടുമോ എന്ന ഘട്ടത്തില്‍ നിന്നും പെനാല്‍റ്റിയില്‍ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. അതും ഒരു ഈസ്റ്റര്‍ ദിനത്തിലാണെന്ന യാദൃശ്ചികതയോടെ.

കളി തുടങ്ങി 19-ാം മിനിറ്റില്‍ ഗോള്‍ നേടി ജിതിന്‍ എം.എസ് കേരളത്തിന് വിജയപ്രതീക്ഷ നല്‍കിയപ്പോള്‍ ബംഗാള്‍ ക്യാപ്റ്റന്‍ ജിതേന്‍ മര്‍മു ബംഗാളിനെ ഒപ്പമെത്തിച്ച് കേരളത്തെ പരീക്ഷിച്ചു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് കളി കണ്ടത്. കിരീടമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടതോടെ ഇരുടീമുകളും നിറഞ്ഞുകളിച്ചു. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസിന്റെ ഹെഡ്ഡര്‍ കേരളത്തിന് വീണ്ടും കിരീട പ്രതീക്ഷ നല്‍കി. അത്രയ്ക്കുണ്ടായിരുന്നു കേരളത്തിന്റെ ആഹ്ലാദം. കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് വിപിന്‍ ഓടിയപ്പോള്‍ ആശ്ലേഷിക്കാനായി സൈഡ് ബെഞ്ചിലിരുന്ന താരങ്ങളും ഓടിയെത്തി. എന്നാല്‍ അവിടെയും ബംഗാള്‍ തിരിച്ചുവന്നു. അതുവരെ നിറഞ്ഞുകളിച്ച ഡെഡ്‌ബോള്‍ സ്‌പെഷ്യലിസ്റ്റ് തിര്‍തങ്കര്‍ സര്‍ക്കാരിന്റെ ഊഴമായിരുന്നു അത്. മനോഹരമായൊരു ഫ്രീ കിക്കിലൂടെ തിര്‍തങ്കര്‍ ബംഗാളിന്റെ ആയുസ് നീട്ടി. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. അതിനിടയില്‍ രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും എക്‌സ്ട്രാ ടൈമിന് കൂടുതല്‍ നാടകീയത നല്‍കി. പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന മിനിറ്റില്‍ പിടിച്ചു നിന്നായിരുന്നു ബംഗാള്‍ മത്സരം പെനാല്‍റ്റിയിലെത്തിച്ചത്.

എന്നാല്‍ പെനാല്‍റ്റിയില്‍ ബംഗാളിന് തൊട്ടതെല്ലാം പിഴച്ചു. ഗോള്‍കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു. അങ്കിതെടുത്ത ആദ്യ കിക്ക് മിഥുന്‍ തട്ടിയകറ്റി. മറുവശത്ത് രാഹുലിന് പിഴച്ചില്ല. ബംഗാളിന്റെ രണ്ടാം കിക്കെടുത്ത നബിയും മിഥുന്റെ മുന്നില്‍ നിഷ്പ്രഭനായി. എന്നാല്‍ കേരളത്തിന്റെ ജിതിന്‍ ഗോപാലാന്റെ കിക്ക് വല ചുംബിച്ചു. ഇതോടെ കേരളം 2-0ത്തിന് മുന്നിലെത്തി. ആതിഥേയരുടെ മൂന്നാം കിക്ക് തിര്‍തങ്കര്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മറുവശത്ത് ജ്‌സറ്റിനും ലക്ഷ്യം കണ്ടു. ഇതോടെ ഷൂട്ടൗട്ട് 3-1ലെത്തി. നാലാം കിക്ക് സഞ്ചയന്‍ ഗോളാക്കി മാറ്റിയതോടെ ബംഗാള്‍ 3-2 പിടിച്ചു. പക്ഷേ കേരളത്തിന് നാലാം കിക്ക് ഗോളാക്കി മാറ്റിയാല്‍ ചരിത്ര വിജയത്തിലെത്താമായിരുന്നു. ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ടത് സീസനിലായിരുന്നു. സീസനെ പരീക്ഷിക്കാനായി ബംഗാള്‍ അതിനിടയില്‍ വീണ്ടും നാടകീയത കൊണ്ടുവന്നു. ഒന്നാം ഗോള്‍കീപ്പര്‍ രാണാജിത് മജുംദാറിനെ മാറ്റി ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മു ഗ്ലൗസ് അണിഞ്ഞ് പോസ്റ്റിന് താഴെയെത്തി. പക്ഷേ കേരളത്തിന്റെ 14 വര്‍ഷത്തെ കാത്തിരിപ്പിന് ആ പരീക്ഷണത്തിലൊന്നും തളരാനാകുമായിരുന്നില്ല. അങ്ങനെ സീസനിന്റെ കാലുകളിലൂടെ കേരളം ആ ചരിത്ര നിയോഗത്തിലെത്തി.

Content Highlights: Santosh Trophy Football Kerala vs West Bengal Final History

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented