കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളം പുതുച്ചേരിയെ തോല്‍പിച്ചു. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. 

21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി. ഗില്‍ബേര്‍ട്ടിന്റെ ഈ സന്തോഷ് ട്രോഫിയിലെ നാലാമത്തെ ഗോളാണിത്. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജുന്‍ ജയരാജിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. 39-ാം മിനിറ്റില്‍ അന്‍സണ്‍ സി ആന്റോയിലൂടെ പുതുച്ചേരി ഒരു ഗോള്‍ തിരിച്ചടിച്ചു.

രണ്ടാം പകുതിയിലും കേരളത്തിന്റെ ആക്രമണമാണ് കണ്ടത്. 55-ാം മിനിറ്റില്‍ നൗഫല്‍ മൂന്നാം ഗോള്‍ നേടി. രണ്ട് മിനിറ്റിനുള്ളില്‍ ബുജൈറും ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 

ആദ്യ രണ്ടു മത്സരങ്ങളില്‍ ദുര്‍ബലരായ അന്തമാന്‍ നിക്കോബറിനേയും ലക്ഷദ്വീപിനേയും കേരളം തകര്‍ത്തിരുന്നു. അന്തമാനെ എതിരില്ലാതെ ഒമ്പതു ഗോളിനും ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനുമാണ് പരാജയപ്പെടുത്തിയത്.  മൂന്നു മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളാണ് കേരളം നേടിയത്. 

Content Highlights: Santosh Trophy Football Kerala vs Pondicherry