14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; വംഗനാട്ടില്‍ വമ്പോടെ കേരളം


കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തില്‍ കേരള ഫുട്‌ബോളിന് ഉയര്‍ത്തെഴുന്നേല്‍പ്പ്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു.

കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി ലക്ഷ്യം കണ്ടു. അതേസമയം ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ പരീക്ഷണം നടത്തിയെങ്കിലും അതൊന്നും കേരളത്തിന്റെ വിജയത്തെ തടയാനായില്ല.

കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോള്‍ വന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ്‍ നല്‍കിയ പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് പന്ത് വലയിലെത്തി (1-0)

പിന്നീട് ബംഗാള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിര്‍തങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോള്‍ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റില്‍ അഫ്ദാലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയര്‍ത്താനുളള അവസരം അഫ്ദാല്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ എം.എസിന് ഗോള്‍നേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വെച്ചുള്ള കണ്‍ഫ്യൂഷനില്‍ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബംഗാളും ഒരു ശ്രമം നടത്തി. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ പാസില്‍ ജിതേന്‍ മുര്‍മുവിന്റ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബംഗാളിന്റെ പ്രതിരോധം പാളിയതോടെ കേരളത്തിന് അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 68ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനെ ഒപ്പമെത്തിച്ചത്. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗാള്‍ ക്യാപ്റ്റന് പിഴച്ചില്ല. (1-1). നിശ്ചിത സമയത്ത് കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേത്തിച്ചു.

2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

ഏപ്രിൽ 6 ന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6 ന് വിജയദിനം ആയി ആഘോഷിക്കും. 6 ന് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം 4 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ടീ ക്യാപ്റ്റന്‍ രാഹുല്‍ വി. രാജിനെയും കോച്ച് സതീവന്‍ ബാലനെ യും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 14 വര്‍ഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

Live Match

Content Highlights: Santosh Trophy Football Final Kerala vs West bengal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented