കോഴിക്കോട്: അയല്‍ക്കാരായ തമിഴ്‌നാടിന്റെ വല നിറച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ കേരളം ഡല്‍ഹി, സര്‍വീസസ്, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവരടങ്ങിയ എ ഗ്രൂപ്പില്‍.
കഴിഞ്ഞവര്‍ഷം ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയാത്തതിന്, സ്വന്തം മണ്ണില്‍ നടന്ന രണ്ടുകളിയില്‍നിന്ന് 11 ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളം പകരംവീട്ടിയത്. എം.എസ്. ജിതിന്‍, പി.വി വിഷ്ണു, മൗസുഫ് നൈസന്‍, ജിജോ ജോസഫ്, എമില്‍ ബെന്നി എന്നിവരായിരുന്നു കേരളത്തിന്റെ സ്‌കോറര്‍മാര്‍.
ഗ്രൂപ്പ് എ- കേരളം, ഡല്‍ഹി, സര്‍വീസസ്, ജാര്‍ഖണ്ഡ്, മേഘാലയ
ഗ്രൂപ്പ് ബി- പശ്ചിമബംഗാള്‍, പഞ്ചാബ്, കര്‍ണാടക, ഗോവ, മിസോറം
''ടീമിന്റെ ആക്രമണഫുട്‌ബോള്‍ ശൈലി വിജയം കണ്ടു. ജയത്തിനൊപ്പം കാണികളെ ആകര്‍ഷിക്കുന്ന കളിയും ഞങ്ങള്‍ ലക്ഷ്യമിട്ടു. അത് വലിയ വിജയമായി. ഗെയിംപ്ലാനിനനുസരിച്ച് കളിക്കാനായി. യോഗ്യതാ റൗണ്ട് താരങ്ങള്‍ക്ക് പരീക്ഷയായിരുന്നു. അതില്‍ മികച്ച രീതിയില്‍ പാസായിരിക്കുന്നു. ഫൈനല്‍ റൗണ്ടിനുള്ള ടീമിനെ വീണ്ടും ക്യാമ്പ് നടത്തി തിരഞ്ഞെടുക്കും'' - ബിനോ ജോര്‍ജ് (കേരള ടീം പരിശീലകന്‍)
വേദിക്കായി കേരളം
ഫൈനല്‍ റൗണ്ട് മത്സരം കേരളത്തിലെത്തിക്കാന്‍ അസോസിയേഷന്‍ ശ്രമം തുടങ്ങി. മിസോറമിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. മത്സരം മാറ്റിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നീക്കം.
ജനുവരിയിലാണ് ഫൈനല്‍ റൗണ്ട് നിശ്ചയിച്ചിരുന്നത്. ഇതേ സമയത്താണ് ഗുവാഹാട്ടിയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. ഇതോടെ സന്തോഷ് ട്രോഫി മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമം. മത്സരം കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കെ.എഫ്.എ. സെക്രട്ടറി പി. അനില്‍കുമാര്‍ പറഞ്ഞു. വേദി ലഭിച്ചാല്‍ മലപ്പുറം, കോഴിക്കോട് എന്നിവയെ പരിഗണിക്കും.
Content Highlights: Santosh Trophy 2019-20 Kerala beats Tamil Nadu