കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പശ്ചിമ ബംഗാളിന്റെ വെല്ലുവിളി മറികടന്ന് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന കേരളം തുടര്‍ച്ചയായ നാലാം വിജയത്തോടെയാണ് ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം 
ഒരൊറ്റ ഗോളിന് പശ്ചിമ ബംഗാളിനെ മറികടന്നു.

മത്സരത്തിന്റെ അവസാന മിനിറ്റില്‍ കെ.പി രാഹുല്‍ കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങവെയാണ് രാഹുലിന്റെ വിജയഗോള്‍ വന്നത്. ഇടതു വിങ്ങില്‍ നിന്ന് ജിതിന്‍ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. 

കേരളവും ബംഗാളും ആദ്യ മൂന്നു മത്സരങ്ങളില്‍ വിജയിച്ചിരുന്നതിനാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടാന്‍ ഈ മത്സരം നിര്‍ണായകമായിരുന്നു. നാല് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ കേരളം 12 പോയിന്റുമായാണ് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായത്.  രണ്ടാമതുള്ള ബംഗാളിന് ഒമ്പത് പോയിന്റാണുള്ളത്. 

ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും (5-1) രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയും(6-0) കേരളം തോല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി സെമി ഉറപ്പിക്കുകയും ചെയ്തു.

Content Highlights: Santosh Trophy 2018 Kerala Wins vs West Bengal