കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനാണ് കേരളത്തിന്റെ യുവനിര ചണ്ഡീഗഢിനെ തോല്‍പിച്ചത്. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എം.എസ് ജിതിന്‍ കേരളത്തിനായി തിളങ്ങി. സജിത്ത്, ശ്രീക്കുട്ടന്‍, അഫ്ദാല്‍ എന്നിവരും കേരളത്തിനായി സ്‌കോര്‍ ചെയ്തു. 

13 പുതുമുഖങ്ങളുമായിട്ടാണ് കേരളം ഇത്തവണ കൊല്‍ക്കത്തയിലെത്തിയത്. അത് ആദ്യ മത്സരത്തില്‍ തന്നെ പ്രകടമാകുകയും ചെയ്തു. കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ജിതിന്‍ കേരളത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതിക്ക് മുമ്പ് ഒരു ഗോള്‍ കൂടി കേരളം കണ്ടെത്തി. ഇത്തവണ സജിത്തായിരുന്നു ഗോള്‍സ്‌കോര്‍. സൈഡ്‌ലൈനില്‍ നിന്ന് ലഭിച്ച ക്രോസില്‍ സജിത്തിന്റെ കൃത്യതയാര്‍ന്ന ഫിനിഷിങ്. പിന്നീട് കേരളത്തിന്റെ മൂന്നു ഗോളുകളും വന്നത് രണ്ടാം പകുതിയിലായിരുന്നു. 

മഞ്ഞക്കാര്‍ഡ് കണ്ടതിന് പിന്നാലെ അഫ്ദാല്‍ കേരളത്തിനായി മൂന്നാം ഗോള്‍ കണ്ടെത്തി. ജിതിന്റെ ക്രോസില്‍ നിന്നായിരുന്നു അഫ്ദാലിന്റെ ഗോള്‍. അടുത്ത ഊഴം ജിതിനായിരുന്നു. ഒറ്റയാള്‍ മുന്നേറ്റത്തിലൂടെ ജിതിന്‍ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇതോടെ കേരളം നാല് ഗോളിന് മുന്നിലായി. തൊട്ടുപിന്നാലെ ജിതിനെ പിന്‍വലിച്ച് ശ്രീക്കുട്ടനെ കോച്ച് കളത്തിലിറക്കി. അതിന് ഫലമുണ്ടായി. ശ്രീക്കുട്ടനിലൂടെ കേരളം വിജയമുറപ്പിച്ച അഞ്ചാം ഗോള്‍ നേടി.

അവസാനം കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ചണ്ഡീഗഢ് ഒരു ഗോള്‍ തിരിച്ചടിച്ചു. വിശാല്‍ ശര്‍മ്മയാണ് ചണ്ഡീഗഢിന് ആശ്വാസഗോള്‍ സമ്മാനിച്ചത്. ഗ്രൂപ്പ് എയില്‍ കേരളത്തേയും ചണ്ഡീഗഢിനെയും കൂടാതെ മണിപ്പൂര്‍, മഹാരാഷ്ട, ബംഗാള്‍ ടീമുകളാണുള്ളത്. 

Content Highlights: Santosh Trophy 2018 Kerala Beats Chandigarh