നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളിലെ ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിക്കെതിരെയും കേരളത്തിന് ഗോള്‍രഹിത സമനില. നേരത്തെ തെലങ്കാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലും കേരളം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ കേരളത്തിന്റെ സാധ്യതകള്‍ക്ക് ഏറെക്കുറേ അവസാനമായി.

ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തില്‍ തെലങ്കാനയ്‌ക്കെതിരേ ജയിച്ചാല്‍ സര്‍വീസസ് യോഗ്യത നേടും, കേരളം പുറത്താകും. രണ്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് രണ്ടു പോയന്റ് മാത്രമാണുള്ളത്. ഒരു മത്സരം മാത്രം കളിച്ച കരുത്തരായ സര്‍വീസസിന് മൂന്നു പോയന്റുണ്ട്. ഇന്നത്തെ മത്സരത്തില്‍ സര്‍വീസസ് ജയിക്കാതിരിക്കുകയും അടുത്ത മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കുകയും ചെയ്താലെ കേരളത്തിന് ഇനി സാധ്യതയുള്ളൂ. ഇല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് യോഗ്യതാ മാര്‍ക്ക് നേടാന്‍പോലുമാകാതെ പുറത്തുപോകേണ്ടി വരും. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പിലെ ഒരു ടീം മാത്രമെ ഫൈനല്‍ റൗണ്ടിലേക്ക് പോവുകയുള്ളൂ.

പുതുച്ചേരിക്കെതിരെയും മുന്നേറ്റത്തിലെ പിഴവുകളാണ് കേരളത്തിന് വിനയായത്. മികച്ച സ്‌ട്രൈക്കര്‍മാരെ ടീം സെലക്ഷനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ കേരളം കേള്‍ക്കുന്നുണ്ട്. ആദ്യ പകുതിയില്‍ നാലിലേറേ അവസരങ്ങള്‍ ലഭിച്ചിട്ടും ഒന്നു പോലും വലയിലെത്തിക്കാന്‍ കേരളത്തിനായില്ല. സജിത്തിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയതും കേരളത്തിന് തിരിച്ചടിയായി. 

santhosh trophy kerala vs puthuchery

രണ്ടാം പകുതിയില്‍ മോശം പ്രകടനമാണ് കേരളം പുറത്തെടുത്തത്. പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ് ലഭിച്ച ഒരു സുവര്‍ണാവസം നഷ്ടപ്പെടുത്തുന്നതിനും സ്റ്റേഡിയം സാക്ഷിയായി. തെലങ്കാനയ്ക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് വി.പി ഷാജി ടീമിനെ ഇറക്കിയത്. മുഹമ്മദ് ഷെരീഫ്, ജിപ്സണ്‍, മുഹമ്മദ് ഇനായത്ത് എന്നിവര്‍ക്കു പകരം സജിത്ത് പൗലോസ്, അനുരാഗ്, സഫ്വാന്‍ എന്നിവര്‍ ടീമിലെത്തി.

Content Highlights: santhosh trophy kerala vs puthuchery