കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ആദ്യ ജയം തേടി കേരളം ഇന്ന് കളത്തിലിറങ്ങും. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരിയാണ് കേരളത്തിന്റെ എതിരാളികള്‍. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കേരളം വിജയത്തോടെ തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഉച്ചയ്ക്ക് 1.45ന് കര്‍ണാടകം-ആന്ധ്ര പോരാട്ടത്തോടെയാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. 

യുവത്വവും പരിചയസമ്പത്തും ഇടകലരുന്നതാണ് പി. ഉസ്മാന്‍ നയിക്കുന്ന കേരളത്തിന്റെ ടീം. ടീമിലെ 11 പേര്‍ പുതുമുഖങ്ങളാണ്. പ്രതിഭാധനരായ പുതുനിരയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ഉണര്‍വുപകരുമെന്ന കണക്കൂകൂട്ടലിലാണ് കോച്ച് വി.പി. ഷാജി. നല്ല ആക്രമണനിരയുള്ള പോണ്ടിച്ചേരിടീമിനെ വിലകുറച്ചു കാണുന്നില്ലെന്നും ഷാജി പറഞ്ഞു.

പോണ്ടിച്ചേരിക്കെതിരെ 4-4-2 ആക്രമണാത്മക ശൈലിയാവും കേരളം തിരഞ്ഞെടുക്കുക. എസ്.ബി.ടി.യുടെ നായകതാരം ഉസ്മാന് പുറമെ ഫിറോസ് കളത്തിങ്കല്‍, എം. നജേഷ്, ജോബി, ഷിബിന്‍ ലാല്‍, സീസണ്‍, ഗോളി വി. മിഥുന്‍ എന്നിവരുടെ പരിചയസമ്പത്ത് ടീമിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിരോധനിരയില്‍ വാസ്‌കോ ഗോവ താരമായ എം. നജേഷ്, എസ്. ലിജോ, രാഹുല്‍രാജ്, മുഹമ്മദ് എന്നിവര്‍ അണിനിരക്കാനാണ് സാധ്യത. മൂന്നു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. ഇവരെ മധ്യനിരയിലാവും ഇറക്കുക. ഇവര്‍ക്കുപുറമെ മധ്യനിരയില്‍ ഷിബിന്‍ലാലോ എസ്.സീസണോയുണ്ടാകും. മുന്നേറ്റനിരയില്‍ ഉസ്മാനുപുറമെ ജോബി ജസ്റ്റിനേയും കളിപ്പിക്കും. 

നാല് മലയാളി താരങ്ങളുടെ താരങ്ങളെ അണിനിരക്കുന്ന പോണ്ടിച്ചേരിയുടെ ക്യാപ്റ്റന്‍ സുകുമാരനാണ്. ആറു സന്തോഷ് ട്രോഫി കളിച്ചതിന്റെ പരിചയസമ്പത്തുമായാണ് സുകുമാരന്‍ കളത്തിലിറങ്ങുന്നത്. ഡാനിയല്‍റോക്ക്, ആല്‍ബിന്‍, ബാലാജി എന്നിവരും അവരുടെ സീനിയര്‍ താരങ്ങളാണ്.

ദക്ഷിണമേഖലയിലെ ടീമുകളെ നാലുവീതമുള്ള രണ്ടു ഗ്രൂപ്പാക്കി തിരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി ടീമുകള്‍ എ ഗ്രൂപ്പില്‍ അണിനിരക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലാണ്. ഒരു ഗ്രൂപ്പില്‍നിന്ന് ഒരു ടീം ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും. നാല് മേഖലകളില്‍നിന്ന് യോഗ്യതനേടുന്ന എട്ട് ടീമുകളാണ് ഫൈനല്‍ റൗണ്ടിലുണ്ടാവുക.