കൊച്ചി:  73-മാത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഒമ്പത് പേര്‍ പുതുമുഖങ്ങളാണ്. നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തെ മിഡ്ഫീല്‍ഡര്‍ എസ് സീസണാണ്‌ നയിക്കുക. ഗോള്‍ കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുക. വിപി ഷാജിയാണ് ടീം കോച്ച്. 

ദക്ഷിണ മേഖല ഗ്രൂപ്പ് ബിയിലാണ് കേരളം. കേരളത്തിന് പുറമേ സര്‍വീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്‌. ഫെബ്രുവരി നാലിന് തെലങ്കാനയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും കേരളം നേരിടും. ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫി ജേതാക്കളായ ബംഗാളിനെ ഫൈനലില്‍ തോല്‍പ്പിച്ചായിരുന്നു കഴിഞ്ഞ തവണ കേരളം ചാമ്പ്യന്‍മാരായിരുന്നത്.

ടീം ലൈനപ്പ്‌

ഗോള്‍ കീപ്പര്‍ - മിഥുന്‍ വി, മുഹമ്മദ് അസര്‍, ഹജ്മല്‍ എസ്

ഡിഫന്‍ഡര്‍ - മുഹമ്മദ് ഷറീഫ് വൈപി, അലക്‌സ് ഷാജി, രാഹുല്‍ വി രാജ്, ലിജോ എസ്, മുഹമ്മദ് സാല, ഫ്രാന്‍സിസ് എസ്, സഫുവാന്‍ എം

മിഡ്ഫീല്‍ഡര്‍ - സീസണ്‍ എസ്, ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പാറക്കോട്ടില്‍, ജിപ്‌സണ്‍ ജസ്ടസ്, ജിതിന്‍ ജി

സ്‌ട്രൈക്കര്‍ - അനുരാഗ് പിസി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിന്‍ ദാസ്, സജിത്ത് പൗലോസ്. 

Content Highlights; Santhosh Trophy, Kerala Team Announced