നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ പുതുച്ചേരിക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ വിജയം മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. ആദ്യ കളിയിലെ സമനിലയോടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളും നിലനില്‍പ്പിന്റേതാണ്. ദക്ഷിണമേഖലാ യോഗ്യത റൗണ്ടിലെ ബി ഗ്രൂപ്പ് മത്സരം ബുധനാഴ്ച രാവിലെ ഒമ്പതിനാണ്. മറ്റൊരുകളിയില്‍ സര്‍വീസസ് ഉച്ചയ്ക്ക് മൂന്നിന് തെലങ്കാനയുമായി കളിക്കും.

മുന്നില്‍ പ്രതിസന്ധി

പുതുച്ചേരിക്കെതിരേ ജയിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാധ്യത ഏറക്കുറെ അവസാനിക്കും. ഗ്രൂപ്പില്‍ മൂന്ന് പോയന്റുമായി സര്‍വീസസാണ് മുന്നില്‍. കേരളത്തിനും തെലങ്കാനയ്ക്കും ഒരോ പോയന്റ്. പുതുച്ചേരി അക്കൗണ്ട് തുറന്നിട്ടില്ല. ജയിച്ചാലും സര്‍വീസസിനെതിരെയുള്ള അവസാനമത്സരത്തിലെ ഫലമാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കുക. തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും. സര്‍വീസസ് ജയിക്കുകയും കേരളം സമനിലയില്‍ കുരുങ്ങുകയും ചെയ്താലും കേരളത്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങും. ചുരുക്കത്തില്‍ രണ്ട് കളികളും ജയിച്ചാല്‍ മുന്നേറാം.

പുതിയ തന്ത്രം

മുന്നേറ്റത്തില്‍ പി.സി. അനുരാഗ് ആദ്യ ഇലവനില്‍ വരും. ഇനായത്താകും പുറത്തുപോകേണ്ടിവരുന്നത്. മധ്യപ്രതിരോധനിരയില്‍ മാറ്റത്തിന് സാധ്യത കുറവാണ്. വലതുവിങ്ങില്‍ ജിപ്സന്‍ ആദ്യ കളിയില്‍ താളം കണ്ടെത്തിയില്ല. എന്നാല്‍ പരിചയസമ്പന്നനായ ജിപ്സനെ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. പുതുച്ചേരി പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമല്ല. അതിനാല്‍ കേരള ടീം പാസിങ് ഗെയിം പുറത്തെടുക്കാനാണ് സാധ്യത.

ആദ്യകളിയില്‍ ഫിനിഷിങ്ങിലെ പോരായ്മകളാണ് ടീമിനെ വലച്ചത്. ചൊവ്വാഴ്ച ഫിനിഷിങ്ങിന് മൂര്‍ച്ച കൂട്ടാനാണ് പരിശീലനത്തിലെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്.

രണ്ട് മലയാളിതാരങ്ങളുണ്ട് പുതുച്ചേരിയില്‍. ഗോള്‍കീപ്പര്‍ ആലിഫ് ഖാനും മധ്യനിരക്കാരന്‍ വിഷ്ണുവും. ആദ്യ കളിയില്‍ സര്‍വീസസിനെതിരേ നന്നായി തുടങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ടീം തളര്‍ന്നു. പരിചയക്കുറവാണ് ടീമിന്റെ പ്രധാന പ്രശ്‌നം.

Content Highlights: santhosh trophy kerala against puthuchery