കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആതിഥേയരായ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തകര്‍ത്തത്. നിരന്തരമായ ആക്രമണങ്ങള്‍ കൊണ്ട് സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ കേരളം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

ഗോളി കൊപ്പിസെട്ടി അജയ് കുമാറിന്റെ സേവുകളാണ് ആന്ധ്രയെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കേരളം ആന്ധ്ര ബോക്‌സിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ കേരള താരം ഹൃഷിദത്തിന്റെ ഗോള്‍ ശ്രമം അജയ് കുമാര്‍ രക്ഷപ്പെടുത്തി. വിങ്ങുകളിലൂടെ അജിന്‍ ടോമിന്റെ മുന്നേറ്റം കൂടിയായപ്പോള്‍ ജിതിനും വിഷ്ണുവിനും ലിയോണ്‍ അഗസ്റ്റിനും യഥേഷ്ടം പന്ത് ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആദ്യ അരമണിക്കൂറില്‍ തന്നെ നാലു ഗോളുകള്‍ക്കെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന കേരളത്തിന് ഫിനിഷിങ്ങിലെ പോരായ്മയാണ് വിനയായത്. 

ഈ സമയമത്രയും ആന്ധ്രയുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റങ്ങളും ഉണ്ടായിരുന്നില്ല. 37-ാം മിനിറ്റില്‍ വിഷ്ണുവിന് പകരക്കാരനായി എമില്‍ ബെന്നി എത്തിയതോടെ കേരളത്തിന്റെ കളിമാറി. ലിയോണിന്റെ കോര്‍ണര്‍ കിക്കിന് തലവെച്ച് ഡിഫന്‍ഡര്‍ വിബിന്‍ തോമസ് നാല്‍പത്തിനാലാം മിനിറ്റില്‍ കേരളത്തെ മുന്നിലെത്തിച്ചു. പിന്നാലെ രണ്ട് മിനിറ്റിനുള്ളില്‍ കേരളം വീണ്ടും ആന്ധ്രയുടെ വലകുലുക്കി. പന്തുമായി മുന്നേറിയ ലിയോണ്‍ അഗസ്റ്റിനെ ബോക്‌സില്‍ വീഴത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍. കിക്കെടുത്ത ലിയോണ്‍ തന്നെ പന്ത് ബോക്‌സിന്റെ ഇടതുമൂലയിലെത്തിച്ചു. കോഴിക്കോട് മലാപ്പറമ്പ് സ്വദേശികൂടിയായ ലിയോണിന്റെ ഗോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഗാലറി സ്വീകരിച്ചത്. ഇതോടെ രണ്ടു ഗോളിന്റെ ലീഡില്‍ കേരളം ആദ്യ പകുതി അവസാനിപ്പിച്ചു.

പകരക്കാരനായെത്തിയ എമില്‍ ബെന്നി മികച്ച മുന്നേറ്റങ്ങളുമായി കളം നിറയുന്നതാണ് തുടര്‍ന്ന് രണ്ടാം പകുതിയില്‍ കണ്ടത്. 53-ാം മിനിറ്റില്‍ ജിതിന്‍ നല്‍കിയ പാസ് സ്വീകരിച്ച എമില്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ കേരളത്തിന്റെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് ആന്ധ്ര ഗോളി രക്ഷപ്പെടുത്തിയത്. 63-ാം മിനിറ്റില്‍ എമില്‍ തന്റെ രണ്ടാം ഗോളും കേരളത്തിന്റെ നാലാം ഗോളും സ്വന്തമാക്കി. മികച്ച വേഗവും പന്തടക്കവും കാഴ്ചവെച്ച എമില്‍ ബെന്നി, പന്ത് ലഭിച്ചപ്പോഴെല്ലാം ആന്ധ്ര ഗോള്‍മുഖം വിറപ്പിച്ചു. ഒടുവില്‍ പകരക്കാരനായിറങ്ങിയ ഷിഹാദ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ കേരളത്തിന്റെ ഗോള്‍പട്ടിക തികച്ചു.

കേരളത്തിന്റെ കളിയില്‍ മിഡ്ഫീല്‍ഡര്‍ അഖിലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആന്ധ്രയുടെ മുന്നേറ്റങ്ങള്‍ മിഡ്ഫീല്‍ഡില്‍ തന്നെ തകര്‍ക്കുവാനും കേരളത്തിന്റെ മുന്നേറ്റനിരയ്ക്ക് കൃത്യമായി പന്തെത്തിച്ചു കൊടുക്കാനും അഖിലിന് നിരന്തരം സാധിച്ചു. 

തുടക്കം മുതല്‍ തന്നെ കേരളത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. കളിയത്രയും ആന്ധ്രയുടെ ഹാഫില്‍ തന്നെയായിരുന്നു. വലതു വിങ്ങിലൂടെ ഓവര്‍ലാപ്പ് ചെയ്തുകയറുന്ന ഡിഫന്‍ഡര്‍ അജിന്‍ ടോമിന്റെ മുന്നില്‍ ആന്ധ്ര പ്രതിരോധം ശരിക്കും ആടിയുലഞ്ഞു. അഖിലായിരുന്നു കേരളനിരയില്‍ പ്ലേമേക്കര്‍. തമിഴ്‌നാടിനെതിരേ ഈ മാസം ഒമ്പതിനാണ് കേരളത്തിന്റെ അടുത്ത മത്സരം.

തത്സമയ വിവരണങ്ങള്‍ താഴെ വായിക്കാം (അപ്‌ഡേറ്റുകള്‍ കാണുന്നില്ലെങ്കില്‍ പേജ് റിഫ്രഷ് ചെയ്യുക)

Content Highlights: Santhosh Trophy Football Kerala Andhra Pradesh