നെയ്വേലി: പുതുച്ചേരിക്കെതിരേ കേരളം കളിക്കാനിറങ്ങുമ്പോള്‍ ധര്‍മസങ്കടത്തിലാകുന്നത് പാലക്കാട് കോട്ടെപ്പാടം അജ്മല്‍ നിവാസില്‍ സക്കീറും കുടുംബവുമാണ്. കേരളം ഗോളടിച്ചാലും അടിച്ചില്ലെങ്കിലും മുന്‍ ഫുട്ബോള്‍താരം കൂടിയായ സക്കീര്‍ വിഷമിക്കും. കാരണം, കേരളം സ്വന്തം നാടും മൂത്ത മകന്‍ ഹജ്മല്‍ കളിക്കുന്ന ടീമും. പുതുച്ചേരിയിലാകട്ടെ, ഗോള്‍വല കാക്കുന്നത് ഇളയമകന്‍ ആലിഫ് ഖാനും.

സന്തോഷ് ട്രോഫിയില്‍ സഹോദരങ്ങളുടെ ടീമുകളുടെ പോരാട്ടംകൂടിയാണ് ബുധനാഴ്ച. രണ്ടുപേരും ഗോള്‍കീപ്പറാണെന്ന പ്രത്യേകതയുമുണ്ട്. കെ.എസ്.ഇ.ബി. താരം കൂടിയായ ഹജ്മലിനിത് നാലാം സന്തോഷ് ട്രോഫിയാണ്. ടീമിന്റെ രണ്ടാം ഗോള്‍കീപ്പറാണ്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. ബംഗാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുകയും ചെയ്തു. വിവിധ പ്രായപരിധിയിലുള്ള സംസ്ഥാന ടീമുകളില്‍ കളിച്ച ശേഷമാണ് സീനിയര്‍ ടീമിലെത്തുന്നത്.

പുതുച്ചേരിക്കായി ആലിഫ് ആദ്യ മത്സരത്തില്‍ ഇറങ്ങി. സര്‍വീസസിനെതിരേ രണ്ട് മിന്നും സേവുകള്‍ നടത്തി. തിരുവനന്തപുരത്തെ സായ് ഫുട്ബോള്‍ സെന്ററിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷവും. ഈ സീസണിലാണ് പുതുച്ചേരിയിലേക്ക് മാറിയത്.

സക്കീര്‍-നജ്മു ദമ്പതിമാര്‍ക്ക് മൂന്ന് മക്കളാണ്. ഗോള്‍കീപ്പറായിട്ടാണ് സക്കീര്‍ കളിച്ചിരുന്നത്. ജില്ലാതലം വരെയൊക്കെ ബൂട്ടുകെട്ടിയിട്ടുണ്ട്. മൂത്തമകനും ഇളയവനും പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ രണ്ടാമന്‍ ഫജില്‍ മുന്നേറ്റനിര താരമാണ്.

മത്സരത്തില്‍ ആര്‍ക്കൊപ്പമാണെന്ന ചോദ്യത്തിന് സക്കീറിന്റെ മറുപടി ഇങ്ങനെ, ''രണ്ടും എന്റെ മക്കളല്ലേ, ആര് ജയിച്ചാലും സന്തോഷമാകും. എന്നാലും കേരളം ജയിക്കട്ടെ''.

Content Highlights: santhosh trophy brothers playing against kerala vs puthuchery