തിരുവനന്തപുരം:  കേരളത്തിന്റെ യുവ ഫുട്‌ബോള്‍ താരം ആദര്‍ശിന്‌ കൈത്താങ്ങായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സ്‌പെയ്‌നിലെ മൂന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡീപോര്‍ട്ടീവോ വാ വിര്‍ജെന്‍ ഡെല്‍ കാമിനോവില്‍ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദര്‍ശിന് അവസരം ലഭിച്ചു. എന്നാല്‍ സ്‌പെയ്‌നിലെത്താന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സഹായിക്കാന്‍ സഞ്ജു സാംസണ്‍ എത്തുകയായിരുന്നു. 

സ്‌പെയ്‌നിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സഞ്ജു സ്‌പോണ്‍സര്‍ ചെയ്തു. സഞ്ജുവിന് പുറമെ സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി പണം കണ്ടെത്തുന്നതിന് ആദര്‍ശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ്ബ് 50000 രൂപ സമാഹരിച്ച് നല്‍കിയെന്നും സജി ചെറിയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് തിരുവല്ല മാര്‍ത്തോമ്മ കോളേജ് ബിരുദ വിദ്യാര്‍ഥിയാണ്. ലെഫ്റ്റ് വിങ്ങ് ഫോര്‍വേഡായ ആദര്‍ശ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. 

Content Highlights: Sanju Samson helping hand to young Kerala footballer