കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സെന്നാല്‍ സന്ദേശ് ജിങ്കന് ചങ്ക് തന്നെയാണ്. ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുന്ന ജിങ്കന് മലയാളി ആരാധകര്‍ നല്‍കുന്ന പിന്തുണയും വിലപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് ജിങ്കന്‍ കൊല്‍ക്കത്തയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാന്‍ തീരുമാനിച്ചത്.

അമര്‍ തൊമര്‍ കൊല്‍ക്കത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരത്തിന് അഞ്ചു കോടി രൂപയാണ് വാഗ്ദ്ധാനം ചെയ്തത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാണ് താത്പര്യമെന്ന് ജിങ്കന്‍ കൊല്‍ക്കത്തയെ അറിയിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി രണ്ടു വര്‍ഷത്തെ കരാര്‍ ശേഷിക്കുന്ന ജിങ്കന് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് നിലവില്‍ ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം. 

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കന്‍ കൊല്‍ക്കത്തയുടെ ഓഫറിനെക്കുറിച്ച് പറഞ്ഞത്. 'ഐ.എസ്.എല്ലിന്റെ തുടക്കം മുതല്‍ ഞാന്‍ ഹൃദയത്തോടൊപ്പം ചേര്‍ത്ത പേരാണ് ബ്ലാസ്റ്റേഴ്‌സ്. മലയാളി ആരാധകരുടെ സ്‌നേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളുമില്ല. ഈ സ്‌നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് പോകാന്‍ ഇപ്പോള്‍ യാതൊരു സാധ്യതയുമില്ല' ജിങ്കന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അഭ്യൂഹമുയര്‍ന്നപ്പോഴേ പ്രതികരിക്കണമായിരുന്നുവെന്നും അത് ചെയ്യാത്തതിന് ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ജിങ്കന്‍ വ്യക്തമാക്കി. 2014ലും 2016ലും ഐ.എസ്.എല്‍ ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇനി വരുന്ന സീസണില്‍ ഇന്ത്യയുടെ മലയാളി താരം അനസ് എടത്തൊടികയെ കൂടി ഉള്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. 

Content Highlights: Sandesh Jhingan turns back on 5 crore ATK deal