Photo: twitter.com/SandeshJhingan
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിലൊരാളായ സന്ദേശ് ജിംഗാനെ കൈവിട്ട് എ.ടി.കെ മോഹന്‍ ബഗാന്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യന്‍ ദേശീയ ടീമിലംഗമായ ജിംഗാന് കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിംഗാന് പിന്നീട് ഐ.എസ്.എല്ലിലേക്ക് മടങ്ങിവന്നെങ്കിലും പരിക്ക് വിനയായി. പിന്നാലെ തന്റെ മുന്‍ ക്ലബ്ബ് കൂടിയായ കേരള ബ്ലാസ്റ്റേഴ്സിനെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് ആരാധകരുടെ പഴി കൂടി കേള്‍ക്കേണ്ടിവന്നു. ഒടുവില്‍ താരത്തിന് ബ്ലാസ്റ്റേഴ്സിനോട് മാപ്പുപറയേണ്ടി വന്നു.
ഐ.എസ്.എല്ലിന്റെ തുടക്കം തൊട്ട് ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ ജിംഗാന് ആറുസീസണുകളിലാണ് ടീമിനുവേണ്ടി കളിച്ചത്. പിന്നീട് 2020-ല്‍ താരത്തെ പത്തുകോടിരൂപയ്ക്ക് എ.ടി.കെ. മോഹന്‍ ബഗാന് സ്വന്തമാക്കി.
ജിംഗാനെ സ്വന്തമാക്കാനായി ബെംഗളൂരു എഫ്.സിയും എസ്.സി. ഈസ്റ്റ് ബംഗാളും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഡെന്മാര്ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളില്‍ നിന്നും താരത്തിന് ഓഫര്‍ വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 45 മത്സരങ്ങള്‍ കളിച്ച താരം നാലുഗോളുകളും സ്വന്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..