ലണ്ടന്‍: സ്റ്റേഡിയത്തില്‍ ആരാധകർ ഇല്ലാത്തത് ലിവര്‍പൂളിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് സൂപ്പര്‍ താരം മുഹമ്മദ് സല. അതുകൊണ്ടാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായി ഹോം മത്സരങ്ങളില്‍ തോല്‍ക്കുന്നതെന്ന് സല വ്യക്തമാക്കി. 

അവസാന ആറുമത്സരങ്ങളില്‍ ലിവര്‍പൂള്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തോല്‍വി വഴങ്ങിയിരുന്നു. ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ക്ലോപ്പും സംഘവും കടന്നുപോകുന്നത്.

'കോവിഡ് കാരണം ഞങ്ങള്‍ക്ക് ഫാന്‍സിനെ നഷ്ടപ്പെട്ടു. ഫാന്‍സില്ലാതെ മോശം ഫോമിലേക്ക് വീണ മറ്റൊരു ടീമും ലോകത്തുണ്ടാകില്ല. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ബര്‍ത്താണ് ഞങ്ങളുടെ ലക്ഷ്യം.'- സല പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഇത്തവണ കിരീടമോഹം ഉപേക്ഷിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീം പ്രവേശിച്ചിട്ടുണ്ട്. കരുത്തരായ റയല്‍ മഡ്രിഡാണ് ലിവര്‍പൂളിന്റെ എതിരാളി. 

Content Highlights: Salah says no team suffers more without fans than Liverpool