Photo: twitter.com|CAF_Online
യാവൊണ്ഡെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ഇടം നേടി ഈജിപ്ത്. സെമി ഫൈനലില്‍ കരുത്തരായ കാമറൂണിനെ മറികടന്നാണ് ഈജിപ്ത് ഫൈനലിലെത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിലാണ് ഈജിപ്ത് വിജയം നേടിയത്.
ഫൈനലില്‍ സെനഗലാണ് ഈജിപ്തിന്റെ എതിരാളി. ലിവര്‍പൂളിന്റെ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും പരസ്പരം കൊമ്പുകോര്‍ക്കും എന്നതാണ് ഫൈനലിനെ വ്യത്യസ്തമാക്കുന്നത്.
സെമിയില്‍, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്കോറിന് വിജയിച്ചാണ് ഈജിപ്ത് ഫൈനലിലിടം നേടിയത്. ഈജിപ്ത് ഗോള്‍കീപ്പര്‍ മുഹമ്മദ് അബൗവിന്റെ കിടിലന്‍ സേവുകള്‍ സെമിയില്‍ നിര്‍ണായകമായി. 2017 നേഷന്‍സ് കപ്പ് ഫൈനലില്‍ കാമറൂണിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഈജിപ്തിന് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലും പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഈജിപ്ത് വിജയിച്ചത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കാമറൂണിന്റെ വിന്‍സെന്റ് അബൂബക്കറാണ് ആദ്യം കിക്കെടുത്തത്. അനായാസം ലക്ഷ്യം കണ്ട് താരം ടീമിന് ലീഡ് സമ്മാനിച്ചു. ഈജിപ്തിനായി അഹമ്മദ് സായെദ് ഗോളടിച്ചതോടെ സ്കോര്‍ 1-1 എന്ന നിലയിലായി. രണ്ടാം കിക്കെടുത്ത കാമറൂണിന്റെ ഹറോള്‍ഡ് മൗക്കോണ്ടിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ മുഹമ്മദ് അബൗ രക്ഷപ്പെടുത്തി.
പിന്നാലെ മുഹമ്മദ് അബ്ദെല്മോനെം ലക്ഷ്യം കണ്ടതോടെ ഈജിപ്ത് 2-1 ന് മുന്നില്‍ കയറി. മൂന്നാം കിക്കെടുത്ത കാമറൂണിന്റെ ജെയിംസ് സിലിക്കിയ്ക്കും പിഴച്ചു. സിലിക്കിയുടെ ഷോട്ട് അബൗ തട്ടിയകറ്റി. ഇതോടെ ഈജിപ്തിന് വ്യക്തമായ ആധിപത്യം ലഭിച്ചു. പിന്നാലെ മൊഹനാദ് ലാഷീന്‍ ലക്ഷ്യം കണ്ടതോടെ ഈജിപ്ത് 3-1 ന് മുന്നിലെത്തി. നാലാമത്തെ നിര്‍ണായകമായ കിക്കെടുത്ത കാമറൂണിന്റെ ക്ലിന്റണ് എന്ജിയെയ്ക്കും പിഴച്ചു. താരത്തിന്റെ കിക്ക് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. ഇതോടെ ഈജിപ്ത് വിജയമുറപ്പിച്ചു. ഫെബ്രുവരി ആറിനാണ് ഫൈനല്‍.
2010 ന് ശേഷം കിരീടം നേടാനാണ് ഈജിപ്തിന്റെ ശ്രമം. സെനഗല്‍ ആദ്യ കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.
Content Highlights: Salah's Egypt to face Mané's Senegal in final after shootout win over Cameroon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..