ലിവര്‍പൂള്‍: ലിവര്‍പൂളിന്റെ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിന്റെ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍താരം മുഹമ്മദ് സല. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവുമധികം ഹോം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡിനൊപ്പമാണ് സല എത്തിയിരിക്കുന്നത്.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയാണ് ജെറാര്‍ഡ് റെക്കോഡ് സ്ഥാപിച്ചത്. ഇന്നലെ നടന്ന എ.സി.മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയതോടെ സല ഈ റെക്കോഡിനൊപ്പമെത്തി. 

ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂള്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് മിലാനെ കീഴടക്കി. മത്സരത്തിന്റെ 48-ാം മിനിട്ടിലാണ് സല ഗോള്‍ നേടിയത്. 

മത്സരത്തില്‍ സലയ്ക്ക് പുറമേ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും സ്‌കോര്‍ ചെയ്തു. ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളും ലിവര്‍പൂളിന് തുണയായി. മിലാന് വേണ്ടി ആന്റെ റെബിച്ചും ബ്രാഹിം ഡയസ്സുമാണ് സ്‌കോര്‍ ചെയ്തത്. 

Content Highlights: Salah equals Gerrard's record for scoring most UCL goals at Anfield