Photo: twitter.com|IndianFootball
മാലി: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
26-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തെങ്കിലും 54-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശ് നിരയ്‌ക്കെതിരേ 74-ാം മിനിറ്റില്‍ ഇന്ത്യന്‍ സംഘം സമനില വഴങ്ങുകയായിരുന്നു.
40 മിനിറ്റിലേറെ സമയം 10 പേരുമായി കളിച്ച ബംഗ്ലാദേശിനെതിരേ വിജയ ഗോള്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നു മാത്രമല്ല ഗോള്‍ വഴങ്ങുകയും ചെയ്തു.
മത്സരത്തില്‍ നന്നായി തുടങ്ങിയ ഇന്ത്യ 26-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു. ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഛേത്രിയുടെ 76-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 121 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 76 ഗോളുകള്‍ നേടിയിരിക്കുന്നത്. ഒരു ഗോള്‍ കൂടി നേടിയാല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ രാജ്യാന്തര ഗോള്‍ നേട്ടത്തിനൊപ്പമെത്താനും ഛേത്രിക്ക് സാധിക്കും. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.
രണ്ടാം പകുതിയില്‍ ബംഗ്ലാദേശ് ഡിഫന്‍ഡര്‍ ബിശ്വാനന്ത് ഘോഷ് ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചതാണ്. എന്നാല്‍ പലപ്പോഴും ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ സികോ വിലങ്ങുതടിയായി.
ഇതിനിടെ 74-ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ് സമനില പിടിച്ചു. റാക്കിബ് ഹുസൈന്റെ പാസില്‍ നിന്ന് യസിന്‍ അറഫാത്താണ് ബംഗ്ലാദേശിന്റെ സമനില ഗോള്‍ നേടിയത്.
ഒക്ടോബര്‍ ഏഴിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് കപ്പ് ഫുട്ബോളില്‍ ഏഴ് തവണയും ജേതാക്കളായത് ഇന്ത്യയായിരുന്നു.
Content Highlights: SAFF Championship 10-man Bangladesh forces a draw against India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..