കൊച്ചി:  സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്മാറിയെന്ന വാര്‍ത്ത സത്യമാണെന്നും എന്നാല്‍ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന വാര്‍ത്ത തെറ്റാണെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമസ്ഥനായിരുന്ന സച്ചിന്റെ പേരില്‍ ആദ്യം 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ഇതില്‍ 20 ശതമാനം ഓഹരികള്‍ സച്ചിന്‍ നേരത്തെ കൈമാറിയിരുന്നു. ബാക്കിയുള്ള 20 ശതമാനം ഓഹരികള്‍ കൂടി ടീമിന്റെ മറ്റു ഉടമകള്‍ക്ക് നല്‍കി സച്ചിന്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിച്ചു. തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പാണ് സച്ചിന്റെ ഓഹരി വാങ്ങിയത്. 

സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും സച്ചിന്റെ പിന്തുണയ്ക്കും സംഭാവനയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സച്ചിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.  

2014-ല്‍ പ്രസാദ് വി. പോട്ട്ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015-ല്‍ പോട്ട്‌ലുരിയുടെ പിവിപി ടീമിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. സച്ചിന്റെ ഓഹരി കൂടി ഏറ്റെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പൂര്‍ണ അവകാശം ഇവര്‍ നാല് പേരുമടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പിനാകും.

Content Highlights: Sachin Tendulkar  Kerala Blasters Lulu Group