പ്രപഞ്ചത്തിലെ ജീവനുള്ള ഏകഗോളമാണ് ഭൂമിയെങ്കില്‍, ആ ഭൂമിയുടെ ജീവന്റെ ജീവനായ ഗോളമാണ് ഫുട്‌ബോള്‍. വായുനിറച്ച ആ പന്തിനും മനുഷ്യനെപ്പോലെ ജീവനുണ്ട്. മനുഷ്യന്റെ പാദസ്പര്‍ശങ്ങളാല്‍ ആ ഗോളം നിശ്വസിക്കുന്നു, കുതിക്കുന്നു, പുളകംകൊള്ളുന്നു. അതിന്റെ സഞ്ചാരപഥങ്ങളെ ലോകമൊന്നടങ്കം പിന്തുടരുന്നു. മനുഷ്യമഹാസമുദ്രങ്ങളില്‍ ആ പന്ത് ഓളംവെട്ടുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഉത്സവമാണ് ഫുട്‌ബോള്‍ ലോകകപ്പ്. നമ്മുടെ ഭ്രമണപഥത്തില്‍ വിസ്മയസഞ്ചാരം നടത്തിക്കൊണ്ടേയിരിക്കുന്ന ആ പന്ത് നാലുവര്‍ഷത്തിലൊരിക്കല്‍ ഒരു വിസ്ഫോടനമായി മനുഷ്യനരികിലെത്തും. ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍, യൂറോപ്പിലെ ഏറ്റവും വലിയ നഗരമായ മോസ്‌കോയില്‍ ആ വിസ്മയവിസ്ഫോടനം സംഭവിക്കാന്‍ ഇനി 100 നാള്‍ മാത്രം.
 
21-ാം ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 14-ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ കിക്കോഫ്. ജൂലായ് 15-ന് ഇതേ വേദിയില്‍ സ്വപ്നഫൈനല്‍.നാലുവര്‍ഷത്തെ വിരഹം. അതിനൊടുവില്‍, ഒരു മാസം നീളുന്ന വികാരനിര്‍ഭരമായ സംഗമം. നാലല്ല നാല്പതുകൊല്ലം ഓര്‍ത്തിരിക്കാന്‍വേണ്ട അനുഭവങ്ങള്‍ ആ ഹ്രസ്വകാലത്തിനിടെ സംഭവിക്കുന്നു. ലോകകപ്പ് സ്മരണകള്‍ക്ക് മരണമില്ല. 

FIFA World Cup

സ്മരണകളിലാണ് ആനന്ദമെന്ന് മാര്‍ക്ക് ട്വെയ്ന്‍ എഴുതിയിട്ടുണ്ട്. സത്യമാണ്. ഡീഗോ മാറഡോണയുടെ ലോകകപ്പ് വിജയം ഓര്‍മിക്കുമ്പോഴേ നമ്മള്‍ പുളകംകൊള്ളുന്നു. ഓര്‍മകളുടെ ആ ആനന്ദത്തിനൊടുവില്‍ പരമാനന്ദമായ് വീണ്ടും ലോകകപ്പെത്തുന്നു. ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കുന്ന 64 മത്സരങ്ങള്‍. റഷ്യയിലെ 11 മനോഹരനഗരങ്ങളിലെ പ്രൗഢമായ 12 വേദികള്‍. ഭൂമിയിലെമ്പാടും നടന്ന തീക്ഷ്ണമായ യോഗ്യതാ റൗണ്ടുകള്‍ കളിച്ചെത്തിയ 31 ടീമുകക്കൊപ്പം ആതിഥേയരായ റഷ്യയും. ഇതില്‍ 20 രാജ്യങ്ങള്‍ കഴിഞ്ഞ ലോകകപ്പ് കളിച്ചവരാണ്. 

ഇറ്റലിയില്ല, ഹോളണ്ടും 

ചില നഷ്ടങ്ങളെ വേദനയോടെയേ ഓര്‍ക്കാനാവൂ. നാലുവട്ടം ലോകചാമ്പ്യന്‍മാരായ ഇറ്റലി, 1958-നുശേഷം ആദ്യമായി യോഗ്യത നേടാതെ പുറത്തായി. മൂന്നുവട്ടം റണ്ണേഴ്‌സ് അപ്പായ ഹോളണ്ടും റഷ്യയിലില്ല. നിലവിലെ നാലു ഭൂഖണ്ഡാന്തര ചാമ്പ്യന്‍മാരും റഷ്യയിലെത്തില്ല. 2017-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ചാമ്പ്യന്‍മാരായ കാമറൂണ്‍, രണ്ടുവട്ടം കോപ്പ അമേരിക്ക ജേതാക്കളും കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പ് റണ്ണേഴ്‌സ് അപ്പുമായ ചിലി, 2016-ലെ ഒ.എഫ്.സി. നേഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസീലന്‍ഡ്, കഴിഞ്ഞവര്‍ഷത്തെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ജേതാക്കളായ അമേരിക്ക എന്നിവര്‍ യോഗ്യതാറൗണ്ടിലെ അഗ്നിപരീക്ഷകള്‍ അതിജീവിച്ചില്ല. കഴിഞ്ഞ മൂന്നു ലോകകപ്പുകളും കളിച്ച ഘാനയും ഐവറി കോസ്റ്റുമില്ല. 

നവാഗതരായി എത്തുന്നത് പാനമയും ഐസ്‌ലാന്‍ഡും. ഈ ലോകകപ്പ് അവര്‍ക്ക് പ്രവേശനോത്സവം. ലോകകപ്പ് കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമാകുന്നു ഐസ്‌ലാന്‍ഡ്. 3.3 ലക്ഷം മാത്രമാണ് ആ മഞ്ഞുരാജ്യത്തെ ജനസംഖ്യ.36 വര്‍ഷത്തെ ഇടവേളയ്ക്ക് പെറുവും 28 വര്‍ഷത്തിനുശേഷം ഈജിപ്തും 1998-നുശേഷം ആദ്യമായി മൊറോക്കോയും ലോകകപ്പിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. നാല് അറബ് രാജ്യങ്ങള്‍ (ഈജിപ്ത്, മൊറോക്കോ, സൗദി, ടുണീഷ്യ) ആദ്യമായി ഒരു ലോകകപ്പില്‍ ഒരുമിക്കുന്നു.ഏതൊരു ടൂര്‍ണമെന്റിലും ഒരു മരണഗ്രൂപ്പുണ്ടാകാറുണ്ട്. റഷ്യയില്‍ അങ്ങനെയൊന്നില്ല. വമ്പന്‍ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ പ്രമുഖടീമുകളെല്ലാം ആദ്യറൗണ്ടിന്റെ കടമ്പ അനായാസം കടക്കും. ഈ ലോകകപ്പില്‍ യഥാര്‍ഥ പോരാട്ടം പ്രീക്വാര്‍ട്ടര്‍ മുതലാവാനാണ് സാധ്യത. പക്ഷേ, ആരും പ്രതീക്ഷിക്കാത്ത അദ്ഭുതങ്ങള്‍ സംഭവിക്കാം. അത്തരം ആകസ്മികതകളാണ് ഏതൊരു ടൂര്‍ണമെന്റിന്റെയും ജീവന്‍. വിപ്ലവത്തിന്റെ സ്വപ്നഭൂമി വിസ്മയങ്ങള്‍ക്കായി ഒരുങ്ങുന്നു. നമുക്ക് കാത്തിരിക്കാം. 

Content Highlights; 2018 Russia World Cup