മോസ്‌കോ: കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും വിരാമം. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയം മോസ്‌കോയില്‍ പൂര്‍ത്തിയായി. 

ബ്രസീലും സ്‌പെയിനും ഒരു ഗ്രൂപ്പില്‍ വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബ്രസീല്‍ ഗ്രൂപ്പ് ഇയിലും സ്‌പെയിന്‍ ഗ്രൂപ്പ് ബിയിലും ഇടംപിടിച്ചു. ഗ്രൂപ്പ് ബിയില്‍ സ്‌പെയിനിനെക്കൂടാതെ കരുത്തരായ പോര്‍ച്ചുഗലുമുണ്ട്. മൊറോക്കോ, ഇറാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലെ മറ്റംഗങ്ങള്‍.

ഗ്രൂപ്പ് ഇയില്‍ ബ്രസീലിനൊപ്പം അണിനിരക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ ടീമുകളാണ്. ഗ്രൂപ്പ് ഡിയിലാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയുടെ സ്ഥാനം. ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങുക. 

അതേസമയം കരുത്തരായ ജര്‍മനിക്ക് വെല്ലുവിളിയുയര്‍ത്തി മെക്‌സിക്കോയും സ്വീഡനും ഗ്രൂപ്പ് എഫില്‍ ഇടം പിടിച്ചു. ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയാണ് ഗ്രൂപ്പ് എഫിലെ മറ്റൊരംഗം. 

ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക് ടീമുകളും ഗ്രൂപ്പ് എച്ചില്‍ കൊളംബിയ, സെനഗല്‍, പോളണ്ട്, ജപ്പാന്‍ ടീമുകളും അണിനിരക്കും. ഗ്രൂപ്പ് ജിയിലാണ് കരുത്തരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബെല്‍ജിയം, ടുണീഷ്യ, പനാമ എന്നിവര്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തില്‍ വെല്ലുവിളിയുയര്‍ത്തും. 

ആതിഥേയരായ റഷ്യക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഉറുഗ്വെയുടെ സ്ഥാനം. സൗദി അറേബ്യ, ഈജിപ്ത് ടീമുകളും ഗ്രൂപ്പ് എയിലെത്തി. മോസ്‌കോയിലെ ക്രംലിന്‍ പാലസില്‍ നടന്ന ചടങ്ങിന് ഇംഗ്ലണ്ടിന്റെ മുന്‍താരം ഗാരി ലിനേക്കര്‍ നേതൃത്വം നല്‍കി.

എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. ഹോളണ്ടും ഇറ്റലിയും ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.

World Cup Football

Content Highlights: Russia 2018 Football World Cup Group Draw