ലോകത്തുള്ള ഫുട്‌ബോള്‍ ആരാധകരെയെല്ലാം അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. സാമ്പത്തിക ക്രമക്കേട് കാണിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ രണ്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു ആ വാര്‍ത്ത. സിറ്റിക്ക് രണ്ടു വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനാകില്ലെന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നഷ്ടത്തിന് സാധ്യതയുണ്ടെന്നുമുള്ള യാഥാര്‍ഥ്യം കുറച്ചുസമയമെടുത്താണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. 

എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കുരുക്കിയ ഈ കുരുക്കിനു പിന്നിലെ കൈകള്‍ ആരുടേതാണെന്ന് അറിയുമോ? പോര്‍ച്ചുഗീസുകാരനും മുന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ റൂയി പിന്റോ എന്ന ഹാക്കര്‍. നാലര വര്‍ഷം തന്റെ വീട്ടിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്നാണ് ഈ മുപ്പത്തിയൊന്നുകാരന്‍ കുരുക്ക് മുറുക്കിയത്. ജര്‍മന്‍ പത്രമായ 'ദെ സ്പീഗ'യുമായി ചേര്‍ന്ന് റൂയി ഫുട്‌ബോള്‍ ഭീമന്‍മാരുടെ ഇ-മെയിലുകളും രേഖകളും ചോര്‍ത്തി. എന്നാല്‍ റൂയിയുടെ ചോര്‍ത്തല്‍ വെറുതെയായില്ല, സാമ്പത്തിക തിരിമറിയില്‍ സിറ്റി കുരുങ്ങി. പക്ഷേ ഈ വാര്‍ത്ത പുറത്തുവരുമ്പോള്‍ റൂയി ലിസ്ബണിലെ ജയിലിലാണ്. 2019 മാര്‍ച്ചില്‍ ഹാക്കിങ്ങിന്റെ പേരില്‍ ഹംഗറിയില്‍വെച്ച് റൂയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടിയേക്കാവുന്ന 90 കേസുകളാണ് റൂയിയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. 

സിറ്റിക്ക് വിലക്ക് വന്നതോടെ റൂയിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്. '#FreePinto' എന്ന ഹാഷ്ടാഗിലാണ് ക്യാമ്പെയ്‌നുകള്‍ നടക്കുന്നത്. റൂയിയെ ജയിലില്‍ നിന്ന്‌ മോചിപ്പിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.  

എന്നാല്‍ അഴിക്കുള്ളിലാകുമെന്ന് അറിഞ്ഞുതന്നെയാണ് റൂയി ഈ ജോലിക്ക് ഇറങ്ങിത്തിരിച്ചത്. സാമ്പത്തികമായി കരുത്തുള്ളവര്‍ക്ക് എന്തും ചെയ്യാനാകുമെന്ന അഹങ്കാരമുണ്ട്. അതില്ലാതാക്കുകയായിരുന്നു ലക്ഷ്യം. തനിക്കറിയാവുന്ന കാര്യങ്ങളെ അധികാരികള്‍ ഭയപ്പെടുന്നുവെന്നും റൂയി പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മാത്രമല്ല, ഫ്രഞ്ച് ലീഗിലെ കരുത്തരായ പി.എസ്.ജി.യുടെ സാമ്പത്തിക ക്രമക്കേടും പുറത്തുവന്നത് റൂയിയുടെ ഈ 'ചോര്‍ത്തലി'ലൂടെയാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി കയറ്റിയതും ഈ 31-കാരന്‍ തന്നെയാണ്. 

സ്‌പോണ്‍സര്‍ഷിപ്പ് പെരുപ്പിച്ചു കാട്ടിയതടക്കം സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യതയില്ലാത്തതും ക്ലബ്ബ് ലൈസന്‍സിങ് ചട്ടങ്ങള്‍ ലംഘിച്ചതുമൊക്കെയാണ് സിറ്റിക്കെതിരേ യുവേഫയുടെ നടപടിക്ക് കാരണം. വിലക്കിനുപുറമേ 232 കോടിയോളം രൂപ പിഴയായും അടയ്ക്കണം. വിലക്കിനെതിരേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാരകോടതിയെ സമീപിക്കുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Rui Pinto The whistleblower who exposed Manchester City to UEFA