മോസ്‌കോ: ഒരു പെനാല്‍റ്റി ഗോളാക്കിയതേയുള്ളൂ റൂബിന്‍ കസാന്‍ താരം നോറിക്ക് അവ്ദാലിയാന്‍. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത് നോറിക്ക് നേടിയ ഈ ഗോളാണ്. 

റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റൂബിന്‍ കസാന്‍ - യുറല്‍ അണ്ടര്‍ 21 മത്സരത്തിനിടെയാണ് ഈ അദ്ഭുത ഗോള്‍ പിറന്നത്. മത്സരത്തില്‍ റൂബിന്‍ കസാന്‍ ഒരു ഗോളിന് പിന്നിട്ടു നില്‍ക്കുന്ന സമയത്താണ് അവര്‍ക്കനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കുന്നത്. കിക്കെടുക്കാനെത്തിയത് നോറിക്ക്.  

റഫറിയുടെ വിസിലിനു ശേഷം കിക്കെടുത്ത നോറിക്ക് അവ്ദാലിയാന്‍ അദ്ഭുതകരമായ ഒരു ബാക്ക് ഫ്‌ളിപ്പിലൂടെ പന്ത് വലയിലെത്തിച്ചു. തലകുത്തിമറിഞ്ഞുള്ള നോറിക്ക് അവ്ദാലിയാനിന്റെ കിക്ക് കണ്ട ഗോളി പോലും പന്ത് തടയാന്‍ ഒന്ന് ശ്രമിക്കാന്‍ സാധിക്കാതെ നോക്കി നില്‍ക്കുകയായിരുന്നു. നോറിക്കിന്റെ ഗോളോടെ മത്സരം സമനിലയിലാക്കാന്‍ റൂബിന്‍ കസാന് സാധിച്ചു.

Content Highlights: Rubin Kazan youngster Norik Avdalyan scores stunning backflip penalty