ബ്രസീലിയ: മഞ്ഞക്കുപ്പായത്തിലെ റൊണാള്‍ഡോയുടെ മാന്ത്രികത ഫുട്ബോൾപ്രേമികൾ മറക്കാനിടയില്ല. ഇപ്പോഴിതാ റൊണാൾഡോയുടെ പിൻഗാമിയും ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടാനൊരുങ്ങുന്നു. റൊണാള്‍ഡോയുടെ മൂത്ത മകന്‍ റൊണാള്‍ഡ് നാസാരിയൊ ഡി ലിമ. ബ്രസീല്‍ അണ്ടര്‍ 18 ടീമിലാണ് റൊണാള്‍ഡൊ ജൂനിയര്‍ ഇടം നേടിയത്.

റൊണാള്‍ഡോ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മകന്റെ അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള ചുവടുവെപ്പ് ലോകത്തെ അറിയിച്ചത്. ജറൂസലേമില്‍ നടക്കുന്ന മക്കാബിയ ഗെയിംസില്‍ പങ്കെടുക്കുന്ന ബ്രസീല്‍ ടീമിലാണ് റൊണാൾഡ് ഇടം നേടിയത്. 85 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കായികോത്സവമാണ്.

റൊണാള്‍ഡോ 1999ല്‍ ഇന്റര്‍മിലാന് വേണ്ടി കളിക്കുമ്പോഴാണ് റൊണാള്‍ഡ് പിറന്നത്. അച്ഛന്‍ ലോകം കണ്ട സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നെങ്കില്‍ റൊണാള്‍ഡിന്റെ അമ്മ മിലേന ഡൊമിന്‍ഗ്യുസ് ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായിരുന്നു.

Ronaldo

റൊണാള്‍ഡിന്റെ അച്ഛനും അമ്മയും കൂടി ബ്രസീലിനായി 118 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തില്‍ 775 മത്സരങ്ങളിലും. അച്ഛന്റെയും അമ്മയുടെയും ഫുട്‌ബോള്‍ പാരമ്പര്യം റൊണാള്‍ഡിനും ലഭിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ronaldo
കുഞ്ഞ് റൊണാള്‍ഡ് അച്ഛനും അമ്മയ്ക്കുമൊപ്പം  (ഫയല്‍ ചിത്രം)