മാഞ്ചെസ്റ്റര്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. പോര്‍ച്ചുഗലിന് വേണ്ടി 2022 ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച ശേഷമാണ് താരം യുണൈറ്റഡിലെത്തിയത്. 

യുണൈറ്റഡിന്റെ കാറിങ്ടണ്‍ ട്രെയിനിങ് ഗ്രൗണ്ടിലാണ് റൊണാള്‍ഡോ എത്തിയത്. പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ക്കൊപ്പം സമയം ചെലവഴിച്ച താരം പിന്നീട് ഗ്രൗണ്ടിലിറങ്ങി. 

യുണൈറ്റഡിന്റെ മുന്‍താരമായിരുന്ന റൊണാള്‍ഡോ പിന്നീട് റയല്‍ മഡ്രിഡിലേക്കും യുവന്റസിലേക്കും ചേക്കേറി. യുവന്റസില്‍ നിന്നുമാണ് താരം വീണ്ടും യുണൈറ്റഡിലേക്കെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റൊണാള്‍ഡോ ടീമിനൊപ്പം ചേര്‍ന്നത്. 

സെപ്റ്റംബര്‍ 11 ന് ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റൊണാള്‍ഡോ വീണ്ടും യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടുമെന്നാണ് ആരാധകര്‍ കരുതുന്നത്. 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് റൊണാള്‍ഡോ മാഞ്ചെസ്റ്ററിലെത്തുന്നത്. ആദ്യ മത്സരത്തില്‍ താരം ഗോളടിക്കുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരത്തിന് ഏഴാം നമ്പര്‍ ജഴ്‌സിയും ലഭിക്കും. 

Content Highlights: Ronaldo meets Man United manager and ex-teammate Solskjaer after sensational return to Old Trafford