മിലാന്‍: ഹാട്രിക്കുമായി തിളങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സീരി എ യില്‍ യുവന്റസിന് തകര്‍പ്പന്‍ വിജയം. കഗ്ലിയാരിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുവന്റസ് കീഴടക്കിയത്. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിന്നും പുറത്തായ ശേഷം നടന്ന യുവന്റസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 36 കാരനായ റൊണാള്‍ഡോ കളിയുടെ പത്താം മിനിട്ടില്‍ തന്നെ ആദ്യ ഗോള്‍ നേടി. 25-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് താരം രണ്ടാം ഗോള്‍ ആഘോഷിച്ചു. 31-ാം മിനിട്ടില്‍ ഇടംകാലുകൊണ്ടൊരു ഉഗ്രന്‍ ഷോട്ട് വലയിലെത്തിച്ച് റൊണാള്‍ഡോ ഹാട്രിക്ക് നേടി.

ഈ ഗോളുകളോടെ റൊണാള്‍ഡോ പെലെയുടെ റെക്കോഡ് മറികടന്നു. ഇതുവരെ കരിയറില്‍ 770 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത്രയും കാലം ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നത് ബ്രസീലിന്റെ പെലെയായിരുന്നു. 767 ഗോളുകളാണ് പെലെ നേടിയത്. ഈ ഹാട്രിക്കോടെ പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ ഏറ്റവുമധികം ഗോള്‍ നേടുന്ന താരത്തിനുള്ള റെക്കോഡ് സ്വന്തമാക്കി.

റൊണാള്‍ഡോയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് പെലെ തന്നെ രംഗത്തെത്തി. റൊണാള്‍ഡോയുടെ വളര്‍ച്ചയില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് പെലെ വ്യക്തമാക്കി. 

സീരി എയിലെ ഈ സീസണില്‍ യുവന്റസിനായി  23 ഗോളുകള്‍ റൊണാള്‍ഡോ നേടിക്കഴിഞ്ഞു. ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയില്‍ താരം തന്നെയാണ് മുന്നില്‍. 19 ഗോളുകളുമായി ഇന്റര്‍ മിലാന്റെ റൊമേലു ലുക്കാക്കുവാണ് രണ്ടാമത്. 

Content Highlights: Ronaldo hits back with hat-trick for Juventus