മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിട്ടെങ്കിലും നികുതി വെട്ടിപ്പ് കേസിന്റെ തലവേദനയൊഴിയാതെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കേസില്‍ റൊണാള്‍ഡോയ്ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് സ്പാനിഷ് നികുതി വകുപ്പ് വിധിച്ചത്.

രണ്ടു വര്‍ഷത്തെ തടവും 19 ദശലക്ഷം യൂറോ പിഴയുമാണ് സ്പാനിഷ് നികുതി വകുപ്പ് റൊണാള്‍ഡോയ്ക്ക് വിധിച്ചിരിക്കുന്നത്. 2011-14 കാലയളവില്‍ റൊണാള്‍ഡോ 14.7 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് കേസ്.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നാലു കേസുകളിലാണ് വിധി. നേരത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി റൊണാള്‍ഡോയും അദ്ദേഹത്തിന്റെ മാനേജ്മെന്റ് കമ്പനിയായ ജെസ്റ്റിഫ്യൂട്ടും രംഗത്തുവന്നിരുന്നു.

2014-ല്‍ റൊണാള്‍ഡോ നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി റൊണാള്‍ഡോ അടയ്ക്കാനുണ്ടെന്നാണ് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പ് വ്യക്തമാക്കിയത്.

അതേസമയം, പിഴയൊടുക്കേണ്ടി വന്നാലും കേസില്‍ റൊണാള്‍ഡോയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്പാനിഷ് നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്ത ഒരാള്‍ക്കെതിരായ ആദ്യത്തെ കേസിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. എന്നാല്‍ ജയില്‍ ശിക്ഷ ഒഴിവാകുന്ന വകയില്‍ നല്ലൊരു തുക റൊണാള്‍ഡോയ്ക്ക് പിഴയായി നല്‍കേണ്ടി വരും.

നേരത്തെ നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിക്കും സ്പാനിഷ് കോടതി 21 മാസത്തെ തടവും 20 ലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ചിലിയന്‍ സ്ട്രൈക്കര്‍ അലക്സിസ് സാഞ്ചെസും ബാഴ്സയുടെ മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ മഷരാനോയും സ്‌പെയിനില്‍ ഇത്തരത്തില്‍ നികുതിവെട്ടിപ്പ് കേസില്‍ പെട്ടിട്ടുള്ള താരങ്ങളാണ്.

Content Highlights: ronaldo given two year prison sentence after striking deal