ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിയില്‍ റെക്കോഡിട്ട മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവെന്റസ് തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിന് തൊട്ടടുത്ത്. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലാസിയോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുവെന്റസ് മറികടന്നത്. യുവെയുടെ രണ്ടു ഗോളുകളും നേടിയത് റോണോയാണ്. ജയത്തോടെ തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. 

51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ യുവെയെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റില്‍ വീണ്ടും പന്ത് വലയിലെത്തിച്ച താരം ലീഡുയര്‍ത്തുകയും ചെയ്തു. 83-ാം മിനിറ്റില്‍ സിറോ ഇമ്മൊബൈലാണ് ലാസിയോയുടെ ഏക ഗോള്‍ നേടിയത്.

ജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് യുവെന്റസിന് 80 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ മിലാന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 72 പോയന്റാണുള്ളത്. 

റോണോയ്ക്ക് റെക്കോഡ്

മത്സരത്തിലെ ഇരട്ട ഗോളുകളോടെ സീരി എയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 50 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങി യൂറോപ്പിലെ മൂന്ന് മുന്‍നിര ലീഗുകളിലും 50 ഗോളുകള്‍ തികച്ച ആദ്യ താരമെന്ന റെക്കോഡും റോണോ സ്വന്തമാക്കി.

പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 196 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളും ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 292 മത്സരങ്ങളില്‍ നിന്ന് 311 ഗോളുകളും താരം നേടിയിട്ടുണ്ട്. 

മാത്രമല്ല സീരി എയില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടവും റോണോ സ്വന്തമാക്കി. ഇറ്റലിയില്‍ 61 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. യുണൈറ്റഡിനായി 50 ഗോളുകള്‍ തികയ്ക്കാന്‍ താരത്തിന് 172 മത്സരങ്ങള്‍ വേണ്ടിവന്നിരുന്നു. ലാ ലിഗയില്‍ റയലിനായി വെറും 51 മത്സരങ്ങളില്‍ നിന്ന് റോണോ 50 ഗോളുകള്‍ തികച്ചിട്ടുണ്ട്.

Content Highlights: Ronaldo first player to score 50 Premier League, La Liga and Serie A goals