ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 

ചാമ്പ്യന്‍സ് ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിച്ചതോടെയാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. 177 മത്സരങ്ങളില്‍ കളിച്ചാണ് റൊണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്. നിലവില്‍ താരം റയലിന്റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഇകെര്‍ കസിയസ്സുമായി റെക്കോഡ് പങ്കിടുകയാണ്. 

ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ കളിച്ചാല്‍ റൊണാള്‍ഡോ കസിയസ്സിനെ മറികടന്ന് ഈ നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. 

 151 മത്സരങ്ങള്‍ കളിച്ച ബാഴ്‌സലോണയുടെ സാവി ഹെര്‍ണാണ്ടസാണ് പട്ടികയില്‍ മൂന്നാമത്. 149 മത്സരങ്ങള്‍ കളിച്ച ലയണല്‍ മെസ്സി നാലാം സ്ഥാനത്തുണ്ട്. ഈ സീസണില്‍ മെസ്സി ഹെര്‍ണാണ്ടസിന്റെ റെക്കോഡ് മറികടന്നേക്കും.ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോ അഞ്ചുതവണ കിരീടം സ്വന്തമാക്കുകയും 135 ഗോളുകള്‍ അടിക്കുകയും ചെയ്തു.

യുവേഫ ക്ലബ് മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 138 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും റൊണാള്‍ഡോ ഈ മത്സരത്തിലൂടെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു

Content Highlights: Ronaldo equals Casillas Champions League record as CR7 starts for Man United against Young Boys