-
ബാഴ്സലോണ: ബാഴ്സലോണയുടെ മുൻ പ്രതിരോധ താരവും നിലവിൽ ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനുമായ റൊണാൾഡ് കോമാൻ സ്പാനിഷ് ക്ലബ്ബിന്റെ പുതിയ പരിശീലകനാകും. അടുത്തയാഴ്ച്ച കോമാൻ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം ബാഴ്സലോണ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ടീം ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. കോമാൻ പരിശീലകനായെത്തുന്ന കാര്യം ഒരാഴ്ച്ചക്കുള്ളിൽ ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിടും. നിലവിലെ പരിശീലകൻ സെറ്റിയനെ പുറത്താക്കിയെന്ന് ബർത്തോമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.
ടോട്ടൻഹാം പരിശീലകൻ മൗറീസിയോ പൊച്ചെട്ടിനോ, ബാഴ്സയുടേയും സ്പെയ്നിന്റേയും മുൻ താരം സാവി ഹെർണാണ്ടസ്, മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനൊ അല്ലെഗ്രി എന്നിവരും പട്ടികയിലുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം കോമാനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ലാ ലിഗാ ഈ സീസണിൽ ബാഴ്സലോണയ്ക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ബാഴ്സയേക്കാൾ അഞ്ചു പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് ലീഗ് ചാമ്പ്യൻമാരായി. കോപ്പ ഡെൽറോയുടെ ക്വാർട്ടർ ഫൈനലിലും ബാഴ്സ തോറ്റ് പുറത്തായി. അത്ലറ്റിക്കോ ബിൽബാവോയോട് ആയിരുന്നു തോൽവി. ഇതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിലും ബാഴ്സ പുറത്തായി. ക്വാർട്ടറിൽ 8-2നാണ് ബയേൺ മ്യൂണിക്ക് ബാഴ്സയെ തോൽപ്പിച്ചത്.
Content Highlights: Ronald Koeman set to be appointed as new Barcelona head coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..