photo: Getty Images
ലിസ്ബണ്‍; പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസിനെ നിയമിച്ചു. ഫെര്‍ണാണ്ടോ സാന്റോസിന്റെ പകരക്കാരനായാണ് മാര്‍ട്ടിനസിന്റെ വരവ്. മുന്‍ ബെല്‍ജിയം പരിശീലകനായ മാര്‍ട്ടിനസ് ലോകകപ്പിലെ ബെല്‍ജിയത്തിന്റെ തോല്‍വിയോടെ ചുവന്ന ചെകുത്താന്മാരുടെ പരിശീലകസ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസിനെ നിയമിച്ച വിവരം പോര്‍ച്ചുഗല്‍ ഫുട്ബോള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ആറു വര്‍ഷത്തോളം ബെല്‍ജിയത്തെ പരിശീലിപ്പിച്ചതിനുശേഷമാണ് മാര്‍ട്ടിനസ് പോര്‍ച്ചുഗലിലേക്കെത്തുന്നത്. ബെല്‍ജിയത്തിന്റെ സുവര്‍ണനിരയെന്ന് വിശേഷിപ്പിക്കുന്ന ടീമിനെ പരിശീലിപ്പിച്ചെങ്കിലും ടീമിനെ കിരീടനേട്ടത്തിലെത്തിക്കാന്‍ മാര്‍ട്ടിനസിന് സാധിച്ചിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ബെല്‍ജിയം പുറത്തായിരുന്നു.
മാര്‍ട്ടിനസിന്റെ കീഴില്‍ ബെല്‍ജിയമിറങ്ങിയ 80-മത്സരങ്ങളില്‍ 56-വിജയവും 13-സമനിലകളും 11 തോല്‍വിയുമാണുള്ളത്. 2018-റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് പ്രധാനനേട്ടം. 2018-ല്‍ ബെല്‍ജിയം സ്പോര്‍ട്സ് കോച്ച് ഓഫ് ദി ഇയറായും മാര്‍ട്ടിനസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വാന്‍സീ സിറ്റി, വിഗാന് അത്ലെറ്റിക്, എവര്ട്ടണ് തുടങ്ങിയ ക്ലബ്ലുകളേയും മാര്‍ട്ടിനസ് പരിശീലിപ്പിച്ചിട്ടുണ്ട്.
നേരത്തേ ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നില്ല. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. തോല്‍വിക്ക് പിന്നാലെ പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് സാന്റോസ് ഒഴിഞ്ഞു. ഖത്തര്‍ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജുകളില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ക്രിസ്റ്റിയാനോയെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്ക്
വഴിവെച്ചിരുന്നു. മാര്‍ട്ടിനസ് സൂപ്പര്‍താരത്തെ ടീമിലുള്‍പ്പെടുത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlights: Roberto Martinez named new Portugal coach
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..