ജെനീവ: കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍  റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ബയേണ്‍ മ്യൂണിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായത് ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനമായിരുന്നു.

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ, ബയേണിന്റെ തന്നെ മാനുവല്‍ നൂയര്‍ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കിയുടെ നേട്ടം. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോവ്‌സ്‌കിക്കാണ്. കെവിന്‍ ഡിബ്രുയിനെ മികച്ച മിഡ്ഫീല്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് താരം നേടിയത്. ബുണ്ടസ് ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും ജര്‍മന്‍ കപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും താരം സ്വന്തമാക്കിയിരുന്നു.

യുവേഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ചെല്‍സിയുടെ ഡെന്‍മാര്‍ക്ക് താരം പെര്‍നില്ലെ ഹാര്‍ഡര്‍ക്കാണ്. കഴിഞ്ഞ സീസണില്‍ വോള്‍ഫ്‌സ്ബര്‍ഗിന്റെ താരമായിരുന്ന ഹാര്‍ഡര്‍ ഈ സീസണിലാണ് ചെല്‍സിയിലേക്കെത്തിയത്. നേരത്തെ 2017-18 സീസണിലും ഹാര്‍ഡര്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 

ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം. ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപ്പിനെ മറികടന്നാണ് ഫ്‌ളിക്കിന്റെ നേട്ടം. ലിയോണിന്റെ ജീന്‍ ലൂക്ക് വാസ്യൂറാണ് മികച്ച വനിതാ പരിശീലക.

മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബയേണിന്റെ ജര്‍മന്‍ താരം മാനുവല്‍ നൂയര്‍ക്കാണ്. കഴിഞ്ഞ സീസണിലെ ബയേണിന്റെ കുതിപ്പിനു പിന്നില്‍ നൂയര്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. സറാഹ് ബൗഹാദിക്കാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍.

Content Highlights: Robert Lewandowski wins UEFA Player of the Year award