സൂറിച്ച്: സൂപ്പര്‍ താരങ്ങളെ പിന്തള്ളി റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി ഫുട്ബോള്‍ ലോകത്തിന്റെ നെറുകയില്‍. 2020-ലെ ഫിഫയുടെ മികച്ച താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്തിമപ്പട്ടികയിലുണ്ടായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കി പുരസ്‌കാരം സ്വന്തമാക്കിയത്.

ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ജര്‍മന്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളില്‍ 60 ഗോളുകളാണ് താരം നേടിയത്. 

കഴിഞ്ഞ വര്‍ഷം ബാഴ്സലോണയുടെ ലയണല്‍ മെസ്സിയാണ് കിരീടം നേടിയത്. രണ്ട് വര്‍ഷം യുവന്റസ് താരം റൊണാള്‍ഡോയും പുരസ്‌ക്കാരം നേടി. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്‌സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം.

മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമാണ് ലൂസി. നേരത്തെ ലിയോണിനായാണ് കളിച്ചത്. പുരസ്‌കാരം നേടുന്ന ആദ്യ വനിത പ്രതിരോധനിരതാരമാണ്. 2019-20 സീസണില്‍ ലിയോണിനൊപ്പം വനിത ചാമ്പ്യന്‍സ് ലീഗ് നേടി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച പരിശീലകന്‍: യര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍)
മികച്ച വനിത പരിശീലക: സറീന വിഗ്മാന്‍ (യു.എസ്)
പുഷ്‌കാസ് പുരസ്‌ക്കാരം (മികച്ച ഗോള്‍): സണ്‍ ഹ്യൂങ് മിന്‍ (ടോട്ടനം)
മികച്ച ഗോള്‍കീപ്പര്‍: മാനുവല്‍ നൂയര്‍ (ബയേണ്‍ മ്യൂണിക്ക്)
മികച്ച വനിത ഗോള്‍കീപ്പര്‍: സാറ ബുഹാദി (ഒളിമ്പിക് ലിയോണ്‍)
ഫിഫ ഫാന്‍ പുരസ്‌കാരം: മരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ (ബ്രസീല്‍)
ഫിഫ ഫെയര്‍പ്ലേ: മാത്തിയോ അഗ്‌നീസെ (ഇറ്റലി)
ഫിഫ ലോക ഇലവന്‍: മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി, ജോഷ്വാ കിമ്മിച്ച്, കെവിന്‍ ഡിബ്രുയിനെ, തിയാഗോ അല്‍കാന്‍ട്ര, ട്രന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ ഡൈക്ക്, സെര്‍ജിയോ റാമോസ്, അല്‍ഫോന്‍സോ ഡേവിസ്, അലിസന്‍ ബെക്കര്‍.

Content Highlights: Robert Lewandowski wins FIFA best men s player