സൂറിച്ച്: പോയവര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പുറത്ത്. 

കഴിഞ്ഞ ഒരു ദശാബ്ദത്തോളം ഫുട്‌ബോള്‍ പുരസ്‌കാരങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിയുമുള്ള പട്ടികയില്‍ പക്ഷേ  ഇത്തവണ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കാണ് മുന്‍തൂക്കം. 

കഴിഞ്ഞ സീസണില്‍ ബയേണിന്റെ കുതിപ്പിനു പിന്നിലെ പ്രധാന ശക്തി ലെവന്‍ഡോസ്‌കിയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബയേണിനായി 15 ഗോളുകളാണ് താരം നേടിയത്. ബുണ്ടസ് ലിഗയില്‍ 34 ഗോളുകളും താരം അടിച്ചുകൂട്ടി.

മികച്ച പുരുഷ താരം, മികച്ച വനിതാ താരം, മികച്ച പുരുഷ ഗോള്‍ കീപ്പര്‍, മികച്ച വനിതാ ഗോള്‍ കീപ്പര്‍, പുരുഷ - വനിതാ ടീമുകളുടെ മികച്ച പരിശീലകര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. ഇതിനൊപ്പം മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡും ഫിഫ പ്രഖ്യാപിക്കും.

ഡിസംബര്‍ ഒമ്പത് വരെയാണ് വോട്ടിങ്. 11-ാം തീയതി ഓരോ വിഭാഗത്തിലെയും അന്തിയ പട്ടിക ഫിഫ അറിയിക്കും. മൂന്നു പേര്‍ അടങ്ങുന്ന പട്ടികയാണിത്. ഡിസംബര്‍ 17-നാണ് പുരസ്‌കാരദാന ചടങ്ങ്.

Content Highlights: Robert Lewandowski heads FIFA award shortlist for best player of the year