മ്യൂണിക്: ജർമൻ ബുണ്ടസ്​ലിഗയില്‍ യൂണിയന്‍ ബെര്‍ലിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി സ്വന്തമാക്കിയത് ഒരു അപൂര്‍വ നേട്ടം. തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ നാല്‍പ്പതോ അതിലധികമോ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. ഞായറാഴ്ചത്തെ ഗോളോടെ ഈ സീസണില്‍ 34 കളിയില്‍ 40 ഗോളായി.

ഇതിനുമുമ്പ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 40 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ സീസണില്‍ ബുണ്ടസ് ലിഗയില്‍ 24 കളിയില്‍ 26 ഗോളാണ് പോളിഷ് താരം നേടിയത്.

2014-15 സീസണില്‍ ബയേണിലെത്തിയ താരം അടുത്ത സീസണ്‍ മുതല്‍ നാല്‍പ്പതിലേറെ ഗോളുകള്‍ നേടി. ബയേണിനായി ഇതുവരെ 276 കളിയില്‍ 231 ഗോള്‍ നേടി. കരിയറില്‍ 608 കളിയില്‍ 412 ക്ലബ്ബ് ഗോളുകള്‍. ക്രിസ്റ്റ്യാനോ റയല്‍ മഡ്രിഡിലായിരുന്നപ്പോള്‍ തുടര്‍ച്ചയായ എട്ട് സീസണുകളിലും മെസ്സി ബാഴ്സയ്ക്കായി തുടര്‍ച്ചയായ പത്ത് സീസണുകളിലും നാല്‍പ്പതിലേറെ ഗോളുകള്‍ നേടി.

മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് യൂണിയന്‍ ബെര്‍ലിനെ തോല്‍പ്പിച്ചു. ലെവന്‍ഡോവ്സ്‌കിക്ക് പുറമെ ബഞ്ചമിന്‍ പവാര്‍ഡും സ്‌കോര്‍ ചെയ്തു.

Content Highlights: Robert Lewandowski becomes first player to match Cristiano Ronaldo and Lionel Messi