ബെർലിൻ: ബുണ്ടസ്ലിഗയിൽ കിരീടത്തോട് അടുത്ത് ബയറൺ മ്യൂണിക്. ബയെർ ലെവർകൂസനെ രണ്ടിനെതിരേ നാല് ഗോളിന് തോൽപ്പിച്ചാണ് ബയറൺ മ്യൂണിക്കിന്റെ മുന്നേറ്റം. ഇതോടെ 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന് 29 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണുള്ളത്. നാല് മത്സരങ്ങൾ മാത്രമാണ് ഇനി ലീഗിൽ ബയറണിന് അവശേഷിക്കുന്നത്.

ബയറണിനായി ലെവൻഡോസ്കി, കിങ്സ്ലി കോമാൻ, ലിയോൻ ഗൊറീസ്ക, സെർജി നാബ്രി എന്നിവർ ലക്ഷ്യം കണ്ടു. ലൂക്കാസ് അലാരിയോയും ഫ്ളോറിയൻ വിർറ്റ്സുമാണ് ലെവർകൂസനായി വല ചലിപ്പിച്ചത്.

മത്സരത്തിൽ ലെവൻഡോവ്സ്കി പുതിയ റെക്കോഡും സൃഷ്ടിച്ചു. സീസണിൽ 44 ഗോളുകൾ പൂർത്തിയാക്കിയ താരം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബുണ്ടസ്ലിഗയിൽ മാത്രം 30 ഗോളുകളാണ് ലെവൻഡോസ്കി നേടിയത്. ഒപ്പം തുടർച്ചയായ അഞ്ചാം സീസണിലാണ് പോളണ്ട് താരം നാൽപതിൽ കൂടുതൽ ഗോളുകൾ നേടുന്നത്.