പാരീസ്: ഫുട്ബോൾ ലോകത്തെ മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺദ്യോർ പുരസ്കാരം ഇത്തവണയില്ല. കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുരസ്കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇക്കാര്യം ഔദ്യോഗികമായി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കാണ് ഏറ്റവും കൂടുതൽ നിരാശയെന്നാണ് ആരാധകർ പറയുന്നത്. പുരസ്കാരപ്രതീക്ഷയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന താരമായിരുന്നു ലെവൻഡോവ്സ്കി. ഈ സീസണിൽ 43 മത്സരങ്ങളിൽ നിന്ന് ബയേണിനായി ലെവൻഡോവ്സ്കി 51 ഗോളുകൾ നേടിക്കഴിഞ്ഞു. ബയേണിന്റെ ബുണ്ടസ് ലീഗ കിരീടത്തിലും പോളിഷ് സ്ട്രൈക്കറുടെ പ്രകടനം നിർണായകമായി. ചാമ്പ്യൻസ് ലീഗിലും ബയേൽ മത്സരരംഗത്തുണ്ട്.

ഈ സീസണിൽ ലണയൽ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും അതേ മികവ് ലെവൻഡോവ്സ്കിയും പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇരുവരോടുമൊപ്പം ലെവൻഡോവ്സ്കിയുടെ പേരും ഉയർന്നുകേട്ടത്. സോഷ്യൽ മീഡിയയിലും പോളിഷ് താരം ഇപ്പോൾ ട്രെൻഡിങ്ങാണ്. നിരവധി ട്രോളുകളാണ് ആരാധകർ പോസ്റ്റു ചെയ്തത്. ബാലൺദ്യോർ ഇല്ലെന്ന് കേട്ടതോടെ ബോധം നഷ്ടപ്പെടുന്ന ലെവൻഡോവ്സ്കി വരെ ഈ ട്രോളുകളിലുണ്ട്.

1956-ന് ശേഷം ആദ്യമായാണ് പുരസ്കാരം സമ്മാനിക്കാതിരിക്കുന്നത്. കടുത്ത പ്രതിസന്ധികൾ നേരിട്ട ഈ സീസൺ ഒരു സാധാരണ സീസൺ പോലെ കാണക്കാക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ഈ വിഷമമുള്ള തീരുമാനമെടുക്കേണ്ടി വന്നു എന്നുമാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ വാർത്താകുറിപ്പിലുള്ളത്. 2019-ൽ ലയണൽ മെസ്സിയാണ് പുരസ്കാരം നേടിയത്.