മ്യൂണിക്ക്: ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് കിരീടം ബയറണ്‍ മ്യൂണിക്കിന്. ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് ബയറണ്‍ തുടര്‍ച്ചയായ മൂന്നാം തവണയും സൂപ്പര്‍ കപ്പ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം കൂടിയാണ് ബയറണ്‍.

പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഹാട്രിക്കാണ് ബയറണ്‍ മ്യൂണിക്കിന് കിരീടം സമ്മാനിച്ചത്. 21, 26, 54 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്സ്‌കിയുടെ ഗോളുകള്‍. കിങ്‌സ്ലി കോമാന്‍ (63), തിയാഗോ അല്‍ക്കന്താര (85) എന്നിവര്‍ ഓരോ ഗോളും സ്‌കോര്‍ ചെയ്തു. ബയറണിനായി ലെവന്‍ഡോവ്‌സ്‌കി ഒമ്പതാം ഹാട്രികും പൂര്‍ത്തിയാക്കി. 

ജര്‍മന്‍ കപ്പിലെയും ബുണ്ടസ് ലിഗയിലെയും ജേതാക്കളാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ജര്‍മന്‍ കപ്പില്‍ ബയറണിനെ തോല്‍പ്പിച്ചാണ് ഫ്രാങ്ക്ഫുര്‍ട് കിരീടം ചൂടിയത്. ആ തോല്‍വിക്കു പകരംവീട്ടാന്‍ ബയറണിനായി. അന്ന് ഫ്രാങ്ക്ഫുര്‍ടിനെ പരിശീലിപ്പിച്ചിരുന്ന നിക്കോ കൊവാച്ചാണ് നിലവില്‍ ബയറണ്‍ പരിശീലകന്‍.

Content Highlights: Robert Lewandowski and Bayern Munich get back to business with Super cup victory