ലണ്ടന്‍: ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ വംശീയാധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെയ്ല്‍സ് നായകനും റയല്‍ മഡ്രിഡ് മുന്നേറ്റ താരവുമായ ഗരെത് ബെയ്ല്‍. 

ഹംഗറിയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ റഹിം സ്‌റ്റെര്‍ലിങ്ങും ജൂഡ് ബെല്ലിങ്ങാമും വംശീയാധിക്ഷേപത്തിന് ഇരകളായിരുന്നു. ഇതേത്തുടര്‍ന്നാണ് താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബെയ്ല്‍ രംഗത്തെത്തിയത്. 

ബെലാറസിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോണ്‍ഫറന്‍സിനിടെയാണ് ബെയ്ല്‍ പൊട്ടിത്തെറിച്ചത്. ' ഈ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക എന്നെനിക്കറിയില്ല. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നവരെ ഒരു കാരണവശാലും മത്സരം കാണാന്‍ അനുവദിക്കരുത്. അവരെ ഉടന്‍ തന്നെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കണം. താരങ്ങള്‍ വംശീയാധിക്ഷേപം നടത്തിയാല്‍ അവരെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണം. എങ്കിലേ ഈ പ്രശ്‌നത്തിന് ശമനമുണ്ടാകൂ.' ബെയ്ല്‍ പറഞ്ഞു.

ബുഡാപെസ്റ്റില്‍ വെച്ച് നടന്ന ഹംഗറി-ഇംഗ്ലണ്ട് മത്സരത്തില്‍ പ്രശ്‌നമുണ്ടാക്കിയ കാണികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു. ബുഡാപെസ്റ്റിലെ സംഭവത്തിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. 

Content Highlights: Repeat racism offenders should be kicked out of international football, says Gareth Bale