Photo: Print
കോഴിക്കോട്: ഉയരക്കാര്‍ അടക്കിവാണ ഗോള്‍പോസ്റ്റിനുകീഴില്‍ വിസ്മയംതീര്‍ത്ത കുഞ്ഞു ഗോളിയായിരുന്നു വിടപറഞ്ഞ കുഞ്ഞിക്കോയ. അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നു കുഞ്ഞിയുടെ പൊക്കം. എന്നാല്‍, മെയ്വഴക്കംകൊണ്ടും വേഗംകൊണ്ടും പേരുകേട്ട താരങ്ങളുടെ ഗോള്‍ശ്രമങ്ങള്‍ കുഞ്ഞി വിഫലമാക്കി. ആരാധകര്‍ക്കിടയില്‍ ഗോളി കുഞ്ഞു എന്നാണ് കുഞ്ഞിക്കോയ അറിയപ്പെട്ടത്.
നഗരത്തില്‍ ഫുട്ബോള്‍ കമ്പത്തിന് പേരുകേട്ട കുറ്റിച്ചിറയിലാണ് കുഞ്ഞു കളിച്ചുവളര്‍ന്നത്. ഹിമായത്തുല്‍ ഇസ്ലാം ഹൈസ്‌കൂളിലായിരുന്നു പഠനം. കെ.ഡി.എഫ്.എ. നടത്തിയ ക്യാമ്പില്‍ പങ്കെടുത്തത് കുഞ്ഞിയുടെ കളിജീവിതത്തില്‍ വഴിത്തിരവായി. ക്യാമ്പിലെ റഷ്യക്കാരനായിരുന്ന സെബാസ്റ്റ്യനോവാണ് കുഞ്ഞിയെ ഗോള്‍കീപ്പറാവാന്‍ ആത്മവിശ്വാസം പകര്‍ന്നത്.
കോഴിക്കോട്ടെ മൈതാനങ്ങളിലെ മിന്നും പ്രകടനങ്ങള്‍ സതേണ്‍റെയില്‍വെ ഫുട്ബോള്‍ ടീമില്‍ സ്ഥാനംനേടാന്‍ കുഞ്ഞിയെ സഹായിച്ചു. മൂന്നുവര്‍ഷം റെയില്‍വേക്കായി കളിച്ചു. തുടര്‍ന്ന് നാട്ടിലെത്തി. മലബാര്‍ ഹണ്ടേഴ്സ് താരമായി. നാഗ്ജി ട്രോഫിയില്‍ ഇന്‍ഡിപെന്‍ഡന്‍സ് ടീമിനായി കളിച്ചു.
സെവന്‍സ് ടൂര്‍ണമെന്റുകളിലും കുഞ്ഞു നിറസാന്നിധ്യമായിരുന്നു. ബഹ്റൈനില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. അവിടെ മലയാളികളെ അണിനിരത്തി കാലിക്കറ്റ് ഫുട്ബോള്‍ ഇലവന്‍ ടീമിനെ രംഗത്തിറക്കിയിരുന്നു.
മാനാഞ്ചിറ മൈതാനിയില്‍ 1989-ല്‍ മുന്‍താരം സെയ്ത് മുഹമ്മദിനുവേണ്ടി നടത്തിയ പ്രദര്‍ശനമത്സരത്തിലാണ് കുഞ്ഞി അവസാനമായി ബൂട്ടുകെട്ടിയത്. ജൂനിയര്‍ കേരള വനിതാ ടീമിനെതിരേ അണിനിരന്ന കേരള വൈറ്ററന്‍സ് ടീമില്‍ കുഞ്ഞിയോടൊപ്പം ഒളിമ്പ്യന്‍ റഹ്മാന്‍, വിക്ടര്‍ മഞ്ഞില, അപ്പാ മണി, എം.ആര്‍.സി. കൃഷ്ണന്‍, നടരാജന്‍ തുടങ്ങിയവരും കളിച്ചിരുന്നു.
Content Highlights: remembering the amazing baby goalie under the goalpost kunjikoya
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..