നസ്സിലെവിടെയോ കുരുങ്ങിക്കിടക്കുന്ന ഭയത്തിന്റെ പശ്ചാത്തലത്തിലാണ് കാര്‍ഡിഫിലെ പ്രിന്‍സിപ്പാളിറ്റി സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ റയലും യുവന്റസും തമ്മിലുള്ള സ്വപ്ന പോരാട്ടം വീക്ഷിക്കാനെത്തിയത്. ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട മേല്‍ക്കൂരക്ക് കീഴില്‍ നടക്കുന്ന ഫൈനല്‍.

മത്സരത്തിന് മുമ്പ് ഒന്നും ശുഭകരമായിരുന്നില്ല. എവിടെയൊക്കൊയോ ഒരു ഭീകരാക്രമണത്തിന്റെ ഇരുട്ട് മുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മരണത്തിന്റെ നിറമായ പര്‍പ്പിള്‍ ജഴ്‌സിയുമണിഞ്ഞ് അണിനിന്ന റയലിന്റെ പതിനൊന്നംഗ സംഘം. എന്നാല്‍ ആ ഇരുട്ടിന്റെയെല്ലാം മറനീക്കി പോര്‍ച്ചുഗലിന്റെ മെദീര ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കാര്‍ഡിഫില്‍ ഉദിച്ചുയര്‍ന്നു. ഇരട്ടഗോളും ഒരുപിടി റെക്കോര്‍ഡുകളുമായി റയലിനെ സ്വപ്‌നനേട്ടത്തിന്റെ നെറുകയിലെത്തിച്ചു. 

മത്സരത്തിനിറങ്ങും മുമ്പ് റയലിന്റെ പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞ വാക്കുകളും കിരീടനേട്ടത്തിന് ശേഷം ക്രിസ്റ്റിയാനോയുടെ പ്രതികരണവും കൂട്ടിച്ചേര്‍ത്താല്‍ അത് ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ മികവിനുള്ള ഉത്തരമാകും. മറ്റു താരങ്ങളെ പ്രചോദിപ്പിച്ച് ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനുള്ള ക്രിസ്റ്റ്യാനോയുടെ മികവ് റയലിന് കിരീടം നേടിക്കൊടുക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പ് സിദാന്റെ വാക്കുകള്‍. ഊര്‍ജ്ജസ്വലനായ ഒരു ആണ്‍കുട്ടിയെപ്പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു മത്സരശേഷം ക്രിസ്റ്റിയാനോയുടെ പ്രതികരണം. ഈ രണ്ട് അഭിപ്രായങ്ങളുടെയും കൂടിച്ചേരല്‍ തന്നെയാണ് പ്രിന്‍സിപ്പാളിറ്റി സ്റ്റേഡിയത്തില്‍ സംഭവിച്ചത്.

കളി തുടങ്ങി 20-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റിയാനോയുടെ ആദ്യ അവതാരം. ആദ്യ മിനിറ്റുകളില്‍ പന്ത് കിട്ടാതെ ഉഴറി നടന്ന റയലിന് മത്സരച്ചൂട് പകര്‍ന്ന ഗോള്‍. റയല്‍ പ്രതിരോധത്തെ നോക്കുകുത്തിയാക്കി യുവന്റസ് മുന്നേറ്റത്തിനൊടുവില്‍ റയലിന്റെ കൗണ്ടര്‍ അറ്റാക്ക്. അതിവേഗ നീക്കങ്ങളുമായി യുവന്റസ് ഗോള്‍മുഖത്തെത്തിയ പന്ത് ഡാനി കാര്‍വജാലിലേക്ക്. തുടര്‍ന്ന് റൊണാള്‍ഡോയുടെ കാല്‍പാകത്തില്‍ കാര്‍വജാലിന്റെ മിന്നല്‍ പാസ്. ആ പാസ് കാലില്‍ കൊരുത്ത് യുവന്റസ് പോസ്റ്റിന്റ ഇടതുമൂലയിലേക്ക് പായിച്ച ക്രിസ്റ്റ്യാനൊക്ക് പിഴച്ചില്ല. യുവന്റസ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ചെറുതായി ദിശ മാറിയ പന്ത് ബഫണിനെ കബളിപ്പിച്ച് വലയിലേക്ക്. ഗ്രൗണ്ടില്‍ റയലും ഗാലറിയില്‍ ആരാധകരും പൊട്ടിത്തെറിച്ചു.

64-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനൊ രണ്ടാമതും അവതരിച്ചു. ഇത്തവണ മിന്നല്‍ വേഗതയില്‍ തകര്‍പ്പനൊരു ക്ലോസ് റേഞ്ച് ഗോളാണ് പോര്‍ച്ചുഗീസ് താരത്തിന്റെ കാലില്‍ നിന്ന് പിറന്നത്. വലതു വിങ്ങിലൂടെ കുതിച്ചു കയറിയ ലൂക്ക മോഡ്രിച്ച് പന്ത് ബോക്‌സിലേക്ക് മറിക്കുമ്പോള്‍ പറന്നെത്തിയ റൊണാള്‍ഡോക്ക് ലക്ഷ്യം തെറ്റിയില്ല. റൊണാള്‍ഡൊയുടെ കരിയറിലെ 600-ാം ഗോള്‍

ആ ഇരട്ടഗോളോടെ ഒരു മഴവില്‍ റെക്കോര്‍ഡാണ് ക്രിസ്റ്റിയാനൊ കാര്‍ഡിഫില്‍ പിന്നിട്ടത്. ഏഴു വ്യത്യസ്ത നിറങ്ങളിലുള്ള റെക്കോര്‍ഡ്. അതിനിടയില്‍ മെസ്സിയെയും പിന്തള്ളി ഈ പോര്‍ച്ചുഗീസ് താരം. ആ മഴവില്‍ റെക്കോര്‍ഡ് എണ്ണമിട്ട് പറഞ്ഞാല്‍ ഇങ്ങനെയാണ്.

1. മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ താരം

2008 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയില്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനൊ 2014ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയും ഗോള്‍ കണ്ടെത്തി. 2009ലും 2011ലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടിയ മെസ്സിയും ക്രിസ്റ്റിയാനോക്ക് പിറകിലാണ്. 

2.ലയണല്‍ മെസ്സിയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് സീസണിലെ ടോപ്പ് സ്‌കോറര്‍

ഫൈനലിന് മുമ്പ് 11 ഗോളുമായി മെസ്സിയായിരുന്നു മുന്നില്‍. ക്രിസ്റ്റിയാനോയുടെ അക്കൗണ്ടില്‍ പത്ത് ഗോളും. എന്നാല്‍ ഫൈനലിന് ശേഷം 12 ഗോളുമായി ക്രിസ്റ്റിയാനൊ മുന്നിലെത്തി. 

3.ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ്പ് സ്‌കോററായ താരം 

ആറു വ്യത്യസ്ത സീസണുകളിലാണ് ക്രിസ്റ്റിയാനോ ടോപ്പ് സ്‌കോററായത്. ഇതില്‍ അഞ്ചു തവണ തുടര്‍ച്ചയായി ടോപ്പ് സ്‌കോററാകുയും ചെയ്തു. 2008ല്‍ എട്ടു ഗോളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയില്‍ ഈ നേട്ടത്തിന് തുടക്കം കുറിച്ച ക്രിസ്റ്റിയാനൊ 2013 (12),2014 (17), 2015(10), 2017 (12) സീസണുകളിലും ഏറ്റവും കൂടുതല്‍ തവണ ഗോള്‍ നേടിയ താരമായി. അഞ്ചു സീസണുകളിലാണ് മെസ്സി ടോപ്പ് സ്‌കോററായത്. ഇതില്‍ 2015 സീസണില്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോയും ടോപ്പ് സ്‌കോറര്‍ പദവി പങ്കുവെയ്ക്കുകയായിരുന്നു.

4. ചാമ്പ്യന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുമായി 105 ഗോളുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനൊ നേടിയത്. 94 ഗോളുകള്‍ നേടിയ മെസ്സി രണ്ടാമതും 71 ഗോളുകള്‍ അക്കൗണ്ടിലുള്ള റൗള്‍ ഗോണ്‍സാലെസ് മൂന്നാമതുമാണ്.

5. റയലിന്റെ 500-ാം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരില്‍

ചാമ്പ്യന്‍സ് ലീഗില്‍ 500-ാം ഗോള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടം റയല്‍ സ്വന്തമാക്കിയപ്പോള്‍ ആ ഗോള്‍ പിറന്നത് ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്നായിരുന്നു. 

6. നാലിലധികം യൂറോപ്യന്‍ കപ്പ് നേടുന്ന 20-ാമത്തെ താരം

കാര്‍ഡിഫിലെ വിജയത്തോടെ റയല്‍ ജഴ്‌സിയില്‍ മൂന്നാം യൂറോപ്യന്‍ കപ്പാണ് ക്രിസ്റ്റ്യാനൊ നേടിയത്. അതിന് മുമ്പ് 2008ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയിലും ക്രിസ്റ്റ്യാനൊ കിരീടം നേടി. 

7. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരം

റൗളിനോടപ്പമാണ് ക്രിസ്റ്റ്യാനൊ ഈ നേട്ടം പങ്കുവെക്കുന്നത്. റയാന്‍ ഗിഗ്‌സ് (151), സാവി (157), ഇകര്‍ കസിയസ് (168) എന്നിവരാണ് ക്രിസ്റ്റിയാനോക്ക് മുന്നിലുള്ളത്. 

(ബാഴ്‌സലോണയുടെയും മെസ്സിയുടെയും ആരാധിക എഴുതിയത്)