മഡ്രിഡ്: ലാ ലിഗയിലെ മഡ്രിഡ് ഡര്‍ബിയില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി റയല്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മഡ്രിഡ് അത്‌ലറ്റിക്കോ മഡ്രിഡിനെ തോല്‍പ്പിച്ചത്. കാസെമിറോ 15-ാം മിനിട്ടില്‍ റയലിനായി ആദ്യ ഗോള്‍ നേടിയപ്പോള്‍ 63-ാം മിനിട്ടില്‍ ജാന്‍ ഒബ്ലക്ക് നേടിയ സെല്‍ഫ് ഗോളും റയലിന് തുണയായി.

പരാജയമറിയാതെ സീസണിലിതുവരെ മുന്നേറിയ അത്‌ലറ്റിക്കോയുടെ യാത്ര ഇതോടെ അവസാനിച്ചു. തോറ്റെങ്കിലും 11 മത്സരങ്ങളില്‍ നിന്നും 26 പോയന്റുള്ള അത്‌ലറ്റിക്കോ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഈ വിജയത്തോടെ റയല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍ നിന്നും 23 പോയന്റാണ് റയലിനുള്ളത്. കോച്ച് സിദാന് ഏറെ ആശ്വാസം പകരുന്ന പ്രകടനമാണ് റയല്‍ കാഴ്ചവെച്ചത്.

മറ്റുമത്സരങ്ങളില്‍ സെവിയ എതിരില്ലാത്ത ഒരു ഗോളിന് ഗെറ്റാഫെയെയും വയ്യാഡോയ്ഡ് രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് ഒസാസുനയെയും തോല്‍പ്പിച്ചു. കരുത്തരായ വലന്‍സിയ അത്‌ലറ്റിക്ക് ക്ലബിനോട് സമനില വഴങ്ങി.

Content Highlights: Real win Madrid derby to prove point to leaders Atletico