മാഡ്രിഡ്: ഗ്രാനഡയെ എതിരില്ലാത്ത അഞ്ചുഗോളിന് തകര്‍ത്ത റയല്‍ മാഡ്രിഡിന് ഇരട്ടിമധുരം. സ്പാനിഷ് ലാലിഗയില്‍ ആറ് പോയന്റ് വ്യത്യാസത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതിന് പുറമേ ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്താനും റയലിന് സാധിച്ചു. പരാജയമറിയാതെ തുടര്‍ച്ചയായ 39ാം മത്സരം കളിച്ച റയലിന് അടുത്ത വാരം നടക്കുന്ന കിങ്‌സ് കപ്പ് രണ്ടാം പാദത്തില്‍ സെവിയ്യയോട് തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സയുടെ റെക്കോര്‍ഡ് മറികടക്കാം. 

മധ്യനിരക്കാരന്‍ ഇസ്‌കോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സമ, കാസെമിറോ എന്നിവരും സ്‌കോര്‍ ചെയ്തു. 43 കളികളില്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പേരിലാണ് യൂറോപ്യന്‍ റെക്കോഡ്. 16 കളിയില്‍നിന്ന് 40 പോയന്റാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 34 പോയന്റുണ്ട്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എയ്ബറിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി. ഗോള്‍ വര്‍ള്‍ച്ചക്ക് വിരാമമിട്ട് അന്റോണിയോ ഗ്രീസ്മാനും സോള്‍ നിഗ്യുസുമാണ് അത്‌ലറ്റിക്കോയുടെ ഗോളുകള്‍ നേടിയത്. മൂന്നു മാസത്തിനിടെ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയ്ക്കായി നേടുന്ന ആദ്യ ഗോളാണിത്. ജയത്തോടെ 31 പോയിന്റുമായി അത്‌ലറ്റിക്കോ ലീഗില്‍ നാലാമതെത്തി.