മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിലെ തോല്‍വിയെ ചിരിയോടെ സ്വീകരിച്ച റയല്‍ മാഡ്രിഡ് താരം ഈഡന്‍ ഹസാര്‍ഡ് ഒടുവില്‍ മാപ്പ് പറഞ്ഞു. ചെല്‍സിക്കെതിരായ രണ്ടാം പാദ സെമിഫൈനലിന് ശേഷം തോല്‍വിയുടെ നിരാശയില്‍ റയല്‍ താരങ്ങള്‍ മുഖം താഴ്ത്തി നില്‍ക്കുമ്പോഴാണ് ഹസാര്‍ഡ് മാത്രം ചിരിച്ചത്. തന്റെ മുന്‍ക്ലബ്ബായ ചെല്‍സിയിലെ താരങ്ങളോട് ഹസാര്‍ഡ് ചിരിച്ചുസംസാരിക്കുകയായിരുന്നു. 

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. റയല്‍ ആരാധകര്‍ ഹസാര്‍ഡിനെതിരേ രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് താരം മാപ്പു പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പോസിറ്റിലൂടെയാണ് ബെല്‍ജിയം താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

'ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇന്ന് എന്നെ കുറിച്ചുള്ള നിരവധി പോസ്റ്റുകളും അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. റയല്‍ മാഡ്രിഡ് ആരാധകരെ വേദനിപ്പിക്കുക ആയിരുന്നില്ല എന്റെ ഉദ്ദേശം. റയലിനായി കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ഇവിടെ വിജയിക്കാന്‍ മാത്രമാണ് ഞാന്‍ കളിക്കുന്നത്. ഈ സീസണ്‍ കഴിഞ്ഞിട്ടില്ല. ലാ ലിഗ കിരീടത്തിനായി പോരാടും.' ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 

ബുധനാഴ്ച്ച സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദ സെമിഫൈനലില്‍ 2-0ത്തിനാണ് റയല്‍ തോറ്റത്. ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയവും ചെല്‍സി സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ റയലിന്റെ ഇനിയുള്ള ഏക പ്രതീക്ഷ ലാ ലിഗയാണ്.

Content Highlights: Real Madrids Eden Hazard sorry for offensive post Champions League exit behaviour