മാഡ്രിഡ്: അത്ലറ്റിക് ബിൽബാവോയ്ക്കെതിരേ ഒരൊറ്റ ഗോൾ വിജയത്തോടെ ലാ ലിഗയിൽ കിരീടപ്രതീക്ഷ സജീവമാക്കി റയൽ മാഡ്രിഡ്. 73-ാം മിനിറ്റിൽ പ്രതിരോധ താരം സെർജിയോ റാമോസ് നേടിയ ഗോളിലായിരുന്നു റയലിന്റെ വിജയം.

ഇതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള ലീഡ് റയൽ ഏഴാക്കി ഉയർത്തി. 34 മത്സരങ്ങളിൽ നിന്ന് റയലിന് 77 പോയിന്റാണുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സയുടെ അക്കൗണ്ടിൽ 70 പോയിന്റാണുള്ളത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിറ്റിൽ റയലിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. വാറിലൂടെയായിരുന്നു പെനാൽറ്റി വിധിച്ചത്. അത്ലറ്റിക്കോ താരം ഗാർഷ്യ റയലിന്റെ മാഴ്സെലോയെ ബോക്സിൽ വീഴ്ത്തുകയായിരുന്നു. പെനാൽറ്റിയെടുത്ത റാമോസിന് പിഴച്ചില്ല. നിർണായക മത്സരത്തിൽ റയലിന് വിജയം സമ്മാനിച്ച ഗോൾ. ഈ സീസണിൽ റയലിന്റെ ക്യാപ്റ്റൻ നേടുന്ന പത്താമത്തെ ഗോളാണിത്.

Content Highlights: Real Madrid win Sergio Ramos Goal La Liga Football