മാഡ്രിഡ്: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം.

വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് സിദാന്റെ കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം സിദാന്റെ രണ്ടാം ലീഗ് കിരീടമാണിത്.

37 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് റയല്‍ 34-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടങ്ങള്‍ എന്ന നേട്ടവും റയലിനു തന്നെയാണ് . രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 26 കിരീടങ്ങളാണുള്ളത്.

വിയ്യാറയലിനെതിരേ റയലിന്റെ രണ്ടു ഗോളുകളും നേടിയത് കരീം ബെന്‍സേമയാണ്. 29-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ബെന്‍സേമ 77-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയലിന്റെ ലീഡുയര്‍ത്തി. ഇതോടെ ലീഗില്‍ താരത്തിന്റെ ഗോള്‍ നേട്ടം 21 ആയി.

സ്വന്തം തട്ടകത്തില്‍ ബാഴ്‌സ ഞെട്ടി

ജയത്തോടെ റയല്‍ മാഡ്രിഡ് കിരീടം നേടിയപ്പോള്‍ ബാഴ്‌സലോണ തോറ്റു. സ്വന്തം മൈതാനത്ത് ഒസാസുനയാണ് ഒന്നിനെതിരേ രണ്ടു ഗോളിന് ബാഴ്‌ലയെ തോല്‍പ്പിച്ചത്.

15-ാം മിനിറ്റില്‍ ജോസ് അര്‍ണായിസിലൂടെ ഒസാസുന ലീഡെടുത്തു. 62-ാം മിനിറ്റില്‍ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ റോബര്‍ട്ടോ ടോറസിലൂടെ ഒസാസുന അവരുടെ വിജയ ഗോള്‍ കുറിച്ചു.

Content Highlights: Real Madrid win La Liga title to extend record 34