യോക്കോഹാമ: ഫ്രഞ്ച് ഫുട്ബോള്‍ മാഗസിന്റെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിളക്കത്തില്‍ ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിനെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആ തീരുമാനത്തെ ശരിവെച്ചു. ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ ജപ്പാനില്‍നിന്നുള്ള കാഷിമ ആന്റലേഴ്സണിനെ (4-2) തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ലോക ക്ലബ്ബ് ഫുട്ബോള്‍ കിരീടം ചൂടി. 

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയലിന് ഈ വര്‍ഷം ഇത് രണ്ടാമത്തെ ടൂര്‍ണമെന്റ് കിരീടമാണ്. രണ്ടാം തവണയാണ് റയല്‍ ലോകക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍മാരാകുന്നത്. 

പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തിത്തന്നെയാവും കാഷിമ മടങ്ങുക. സൂപ്പര്‍ താരനിര അണിനിരന്ന റയലിനെ നിശ്ചിതസമയം മുഴുവന്‍ ഒപ്പത്തിനൊപ്പമായിരുന്ന (2-2) ജപ്പാനീസ് ക്ലബ്ബ് അധിക സമയത്താണ് കീഴടങ്ങിയത്. കളിതുടങ്ങി ഒമ്പതാം മിനിറ്റില്‍ കരീം ബെന്‍സെമയിലൂടെ മുന്നിലെത്തിയ റയലിനെ 44-ാം മിനിറ്റില്‍ ഗാകു ഷിബാസാക്കിയുടെ ഗോളിലൂടെ കാഷിമ തുല്യതപിടിച്ചു.

രണ്ടാം പകുതിക്ക് ഏഴു മിനിറ്റ് മാത്രം ബാക്കിയിരിക്കേ ഷിബാസാക്കി സ്വന്തം കാണികള്‍ക്കുമുന്നില്‍ കാഷിമയെ മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ പെനാല്‍ട്ടിയിലൂടെ റയലിനെ കാഷിമയുടെ ഒപ്പമെത്തിച്ചു. നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ടു ഗോളുകളടിച്ച് തുല്യത പാലിച്ചപ്പോള്‍ മത്സരം അധികസമയത്തേക്ക് നീങ്ങി. 

അധികസമയത്തിന്റെ ഏഴാം മിനിറ്റില്‍തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ തന്റെ വിശ്വരൂപം കാണിച്ചു. പിന്നീട് 104-ാം മിനിറ്റില്‍ കാഷിമയുടെ പോസ്റ്റിലേക്ക് വീണ്ടും നിറയൊഴിച്ച് ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്കും റയലിന്റെ കിരീടവും നേടി.